കാസര്‍കോട്: തകര്‍ന്ന റോഡുകളുടെ നവീകരണത്തിനായി തെരുവിലിറങ്ങേണ്ട അവസ്ഥയാണ് കാസര്‍കോട് നിയമസഭാ മണ്ഡലത്തിലെ ജനങ്ങളുടേത്. കക്ഷിരാഷ്ട്രീയ ഭെദമേന്യേയുള്ള ജനകീയ സമരത്തിന് തുടക്കമിട്ട് രണ്ടാഴ്ച്ച പിന്നിട്ടിട്ടും ഉദ്യോഗസ്ഥര്‍ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. പതിറ്റാണ്ടുകളായി മുസ്ലിം ലീഗ് ഭരിക്കുന്ന കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ കഴിഞ്ഞ 6 വര്‍ഷമായി നാടിന്റെ അടിസ്ഥാന വികസനത്തിന് പരാതികളും പരിഭവങ്ങളുമായി സമ്മതിദായകര്‍ സര്‍ക്കാര്‍ ഓഫീസുകളിലും എം.എല്‍.എ യുടെ സവിധത്തിലും അസംഖ്യം തവണ കയറിയിറങ്ങിയെങ്കിലും എല്ലാം നിഷ്ഫലമാവുകയാണ് ഉണ്ടായത്.

ഐ.എന്‍.എലില്‍ നിന്ന് മുസ്ലീം ലീഗില്‍ ചേക്കേറിയ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പ്രതിനിധാനം ചെയ്യുന്ന ഈ മണ്ഡലം ഇപ്പോള്‍ കുടിവെള്ളത്തിനും ഗതാഗത സൗകര്യത്തിനുമായി കേഴുകയാണ്. റോഡുകളുടെ പ്രശ്നം പരിഹരിക്കാന്‍ പലതവണ സര്‍ക്കാരുകള്‍ക്ക് നിവേദനം നല്കി താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എല്‍.എ അവകാശപ്പെടുന്നുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ല എന്നുള്ളതാണ് ഖേദകരം.

ഇപ്പോള്‍ നടന്നു വരുന്ന സമരം സമീപ ഭാവിയില്‍ തിരുവനന്തപുരത്തെ സെക്രട്ടേറിയേറ്റിനു മുന്നിലേക്ക് വ്യാപിപ്പിക്കാനാണ് സമര സമിതിയുടെ തീരുമാനം. മറ്റു സമരങ്ങളില്‍ നിന്ന് വ്യത്യസ്തമായി സെക്രട്ടറിയേറ്റ് കവാടത്തിനു മുന്നില്‍ നിന്ന് അലറി വിളിച്ച് കരഞ്ഞു കൊണ്ടായിരിക്കും ഇവര്‍ സമരം നടത്തുക. ‘കരയുന്ന കുഞ്ഞിനേ പാലുള്ളൂ’ എന്ന പഴമൊഴി ഒര്മ്മിപ്പിക്കാന് കൂടിയാണ് ഈ സമരമുറ.