
ഗുരുവായൂര്‍: ആര്.എസ്.എസ് പ്രവര്ത്തകന് ആനന്ദിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതം. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാല്‍ ഇവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാനാവില്ലെന്നാണ് പൊലീസ് നിലപാട്. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ എസ്.ഫാഹിസ് എന്ന ആളുടേതാണ്. നാട്ടുകാര്‍ ഓടിക്കൂടിയതോടെ കാര്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളയുകയായിരുന്നു. ഫാഹിസിന്റെ വിലാസം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊലപാതകവുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മൂന്ന് പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ രണ്ട് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗുരുവായൂര്‍, ഗുരുവായൂര്‍ ടെംപിള്‍, പാവറട്ടി പൊലീസ് സ്റ്റേഷനുകളുടെ പരിധികളിലാണ് നിരോധനാജ്ഞ. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് നെന്മിനി ബലരാമക്ഷേത്രത്തിന് നൂറുമീറ്റര്‍ അകലെയായി നെന്മിനി കടവള്ളി ലക്ഷംവീട് കോളനിയില്‍ വടക്കേതരകത്ത് അംബികയുടെ മകനായിരുന്ന ആനന്ദന് (28) വെട്ടേറ്റ് മരിച്ചത്.
ആനന്ദന് ബൈക്കില്‍ കൂട്ടുകാരന് വിഷ്ണുവിനൊപ്പം വീട്ടിലേക്ക് പോകുമ്പോള്‍ കാറില്‍ വന്ന മൂന്നുപേരാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആനന്ദനും വിഷ്ണുവും വന്ന ബൈക്ക് ഇടിച്ചിട്ടശേഷം ആനന്ദനെ അക്രമിസംഘം വലിച്ചിഴച്ച് വടിവാളുകൊണ്ട് കഴുത്തിനു പിന്നിലും കാലിലും വെട്ടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 2013ല്‍ ബ്രഹ്മകുളത്ത് സി.പി.എം. പ്രവര്ത്തകന് ഫാസില്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാംപ്രതിയാണ് മരിച്ച ആനന്ദനെന്ന് പോലീസ് പറഞ്ഞു. മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചയോടെ നെന്മിനിയിലെ വീട്ടിലേക്ക് കൊണ്ടുവരും. കൊലപാതകത്തെ തുടര്‍ന്ന് ബി.ജെ.പി ആഹ്വാനം ചെയ്ത ഗുരുവായൂര്‍, മണലൂര്‍ നിയോജകമണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ നടക്കുകയാണ്രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.