
കാസര്‍കോട്: ഇന്ന് ഉച്ചയോടെ സൂര്യന് ചുറ്റും വലയം കണ്ട ജനങ്ങള്‍ അമ്പരന്നു. ആകാശ കാഴ്ചയില്‍ വിരുന്നൊരുക്കിയാണ് സൂര്യ വലയം. ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ടരവരെയാണ് ഈദൃശ്യം കാണാനായത്. കേരളത്തില്‍ പലയിടത്തും ഇത് ദൃശ്യമായിരുന്നു. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് ക്രമാതീതമായി ഉയരുമ്പോഴാണ് സൂര്യ വലയം അഥവാ സോളാര്‍ ഹാലോ രൂപപ്പെടുന്നത്. അത്യപൂര്‍വ്വമല്ലെങ്കിലും ഇപ്പോള്‍ സൂര്യന് ചുറ്റും വലയം പ്രത്യക്ഷപ്പെട്ടതിന് ഒരു കാരണമുണ്ട്. തമിഴ്നാട്ടിലും ലക്ഷദ്വീപിലും രൂപപ്പെട്ട അന്തിരീക്ഷ ചുഴിയാണ് സൂര്യ വലയത്തിന് പിന്നിലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. സൂര്യന്‍ നമ്മുടെ തലക്കു നേരെ വരുമ്പോഴാണ് ഈ അപൂര്‍വ കാഴ്ച കാണാനാകുന്നതെന്ന് തിരുവനന്തപുരം കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം ഡയരക്ടര്‍ ഡോ. സുദേവന്‍ പറഞ്ഞു.

കൂടുതല്‍ ഐസ് കണങ്ങള്‍ അടങ്ങിയ മേഘങ്ങള്‍ സൂര്യന് താഴെ വരുമ്പോഴാണ് ഈ കാഴ്ചയുണ്ടാകുന്നത്. സോളാര്‍ ഹാലോ എന്ന് ശാസ്ത്ര ലോകം പേരിട്ട് വിളിക്കുന്ന പ്രതിഭാസമാണത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കേരളത്തില്‍ പാലക്കാട് ജില്ലയുടെ ചില ഭാഗങ്ങളിലും ഈ പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മേഘങ്ങളിലെ ദശലക്ഷക്കണക്കിന് പരലുകളില്‍ തട്ടി സൂര്യപ്രകാശം പ്രതിഫലിക്കുന്നതും ഗതിമാറ്റം സംഭവിക്കുന്നത്. കുറച്ച് മിനിറ്റുകള്‍ മാത്രമേ നീണ്ടു നില്‍ക്കൂ എന്നതിനൊപ്പം കാണുന്ന ഓരോരുത്തര്‍ക്കും വ്യത്യസ്ത കാഴ്ചകളാണ് സമ്മാനിക്കുക.
