ആംബുലന്‍സ് നല്‍കിയില്ല; ഭാര്യയുടെ മൃതദേഹവുമായി ബൈക്കില്‍ പോകേണ്ടിവന്ന ഒരു വൃദ്ധന്‍.

  • Post category:news
  • Reading time:1 min read
You are currently viewing ആംബുലന്‍സ് നല്‍കിയില്ല; ഭാര്യയുടെ മൃതദേഹവുമായി ബൈക്കില്‍ പോകേണ്ടിവന്ന ഒരു വൃദ്ധന്‍.

പാറ്റ്‌ന: ആശുപത്രി അധികൃതര്‍ ആംബുലന്‍സ് സൗകര്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിച്ചത് മോട്ടോര്‍ സൈക്കിളില്‍ കെട്ടിവെച്ച്. വടക്ക് കിഴക്കന്‍ ബീഹാറിലുള്ള പൂര്‍ണിയ ജില്ലയിലെ ശങ്കര്‍ ഷാ എന്ന അറുപതുകാരനാണ് ഭാര്യയായ സുശീലദേവിയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവെച്ച് വീട്ടിലെത്തിക്കേണ്ട ഗതികേടുണ്ടായത്. രോഗബാധിതയായ സുശീല ദേവി പൂര്‍ണിയ സദര്‍ ജില്ലാശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മൃതദേഹം വീട്ടിലെത്തിക്കണമെങ്കില്‍ ആംബുലന്‍സ് ഡ്രൈവര്‍ 2,500 രൂപ ആവശ്യപ്പെട്ടു. കൂലിപ്പണിക്കാരനായ ശങ്കറിന് താങ്ങാന്‍ പറ്റുന്നതായിരുന്നില്ല ആ തുക.

ഗത്യന്തരമില്ലാതായതോടെ ശങ്കര്‍ ഷായും മകന്‍ പപ്പുവും ചേര്‍ന്ന് മൃതദേഹം ബൈക്കില്‍ കെട്ടിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അമ്മയുടെ മൃതശരീരം തുണികൊണ്ട് പപ്പുവിന്റെ ദേഹത്തോട് ചേര്‍ത്തുകെട്ടി. താഴെ വീഴാതിരിക്കാന്‍ ശങ്കര്‍ ഷാ ചേര്‍ത്തുപിടിക്കുകയും ചെയ്തു. ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറി വാന്‍ ഉപയോഗശൂന്യമാണെന്ന് സിവില്‍ സര്‍ജന്‍ എം.എം. വസീം പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി പൂര്‍ണിയ ജില്ലാ മജിസ്‌ട്രേറ്റ് പങ്കജ് കുമാര്‍ പാല്‍ വ്യക്തമാക്കി.

0Shares