
കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്താൻ ജൂലൈ 10 ന് ബോവിക്കാനത്ത് നടത്തുന്ന ക്യാമ്പിൽ അർഹരായ മുഴുവൻ രോഗികളെയും പരിശോധിച്ചില്ലെങ്കിൽ ക്യാമ്പ് തടയുമെന്ന് എൻഡോസൾഫാൻ വിരുദ്ധ സമരസമിതി.
ദുരിതബാധിത പഞ്ചായത്തുകളിലെ ലിസ്റ്റിൽ പ്പെടാത്ത മുഴുവൻ രോഗികളെയും പരിശോധിക്കാൻ പതിനൊന്ന് കേന്ദ്രങ്ങളിൽ ക്യാമ്പ് നടത്താനായിരുന്നു റവന്യു മന്ത്രി അധ്യക്ഷ നായ സെൽയോഗത്തിന്റെ തീരുമാനം. എന്നാൽ 2017 ൽ സംഘടിപ്പിച്ച ക്യാമ്പിലേക്ക് രജിസ്ട്രേഷൻ ചെയ്ത് എത്താൻ പറ്റാത്തവർക്ക്
മാത്രമായി പുതിയ ക്യാമ്പിനെ പരിമിത പ്പെടുത്തിയത് തികഞ്ഞ അനീതിയാണെന്നും എൻഡോസൾഫാൻ വിരുദ്ധ സമരസമിതി യോഗം തീരുമാനം കൈകൊണ്ടു.
മൊഗ്രാൽപുത്തൂർ, മുളിയാർ,കാറഡുക്ക, മധൂർ,ദേലമ്പാടി, കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകളിലെയും, കാസർകോട് നഗര സഭയിലെയും രോഗികൾക്ക് മത്രമാണ് ഇപ്പോൾ അവസര മൊരുക്കിയിട്ടുള്ളത്. 2017 ലെ ക്യാമ്പിന് ശേഷം ദുരിതബാധിത പഞ്ചായത്തുകളിൽ ജനിക്കുന്ന കുട്ടികളിൽ കാണുന്ന ബുദ്ധിമാനന്ദ്യം, ഓട്ടിസം, വൈകല്ല്യങ്ങൾ, മാസം തികയാത്ത പ്രസവം, സ്ത്രീ സംബന്ധമായ രോഗങ്ങൾ, കാൻസർ തുടങ്ങിയ രോഗങ്ങൾ ഇപ്പോഴും വലീയ തോതിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവരെയെല്ലാം കൂടി പരിശോധനക്ക് വിധേയ മാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
2017ൽ രജിസ്റ്റർ ചെയ്ത് ക്യാമ്പിൽ പങ്കെടുക്കാൻ പറ്റാത്ത കാറഡുക്ക പഞ്ചായത്തിലെ 52 ൽ 20 രോഗികളും, മുളിയാറിൽ 38 ൽ 10 രോഗികളും മരണപ്പെട്ടിരിക്കുകയാണ്. ക്യാമ്പിൽ പങ്കെടുക്കാൻ പറ്റാത്തതിനാലാണ് ലിസ്റ്റിൽപ്പെടാതെ പോയത്. രജിസ്ട്രേഷൻ നടത്തി മരണപ്പെട്ടവർക്ക് കൂടി സഹായം ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

എൻഡോസൾഫാൻ ദുരിതബാധിതരുടെ കാര്യത്തിലുള്ള സുപ്രിം കോടതി വിധി സമയബന്ധിതമായി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം. ദുരിതബാധിതർക്ക് വേണ്ടുന്ന നിയമ സഹായം ലഭ്യമാക്കുന്നതിന് വിദഗ്ദ അഭിഭാഷകരെ ഉൾപ്പെടുത്തി നിയമ സെൽ രൂപീകരിക്കും.
സുപ്രിം കോടതി നിർദ്ദേശിച്ച പാലിയേറ്റീവ് ആശുപത്രി ഉടൻ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണ മെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനായി എം.പി.മുഖേന സമ്മർദ്ദം ചെലുത്തും. എൻഡോസൾഫാൻ കമ്പനിയും, പ്ലാന്റേഷൻ കോർപറേഷനും മുഖ്യ പ്രതികളെന്ന് സുപ്രിം കോടതി കണ്ടെത്തിയ സാഹചര്യത്തിൽ ഇവയിൽ നിന്ന് നഷ്ടം ഈടാക്കി പുനരധിവാസ പദ്ധതി തയ്യാറാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എൻഡോസൾഫാൻ കമ്പനിക്കൊപ്പം നിൽക്കുന്ന ജില്ലാ കലക്ടറുടെ നിലപാടിൽ യോഗം പ്രതിഷേധിച്ചു.
പ്രൊഫസർ എം.എ. റഹിമാൻ ആധ്യക്ഷത വഹിച്ചു. കെ.ബി.മുഹമ്മദ് കുഞ്ഞി, കെ കെ.അശോകൻ, മാഹിൻ കേളോട്ട്, മോഹനൻ പുലിക്കോടൻ, ബി.സി. കുമാരൻ, ഷെരീഫ് കൊടവഞ്ചി, മസൂദ് ബോവിക്കാനം, മൻസൂർ മല്ലത്ത്, കെ.കൊട്ടൻ, കൂക്കൾ ബാലകൃഷ്ണൻ, എം.കെ. രാധാകൃഷ്ണൻ, ജമീല അഹമ്മദ്, ശ്രീനിവാസ നായക്, അബ്ദുൽ ഹഖിം പടിഞ്ഞാർ, അർഷാദ് തുടങ്ങിയവർ സംബന്ധിച്ചു.
