
കാസർകോട്: സുപ്രീം കോടതിയുടെ അയോധ്യ വിധിയെ തുടര്‍ന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ച കാസര്‍കോട് ജില്ല ശാന്തമായി തുടരുന്നു. വിധിയെ തുടര്‍ന്ന് എവിടെയും അനിഷ്ടസംഭവങ്ങളുണ്ടായില്ല. മുന്‍ കരുതല്‍ എന്ന നിലയില്‍ നാലുകമ്പനി പോലീസിനെ കണ്ണൂരിൽനിന്ന് ജില്ലയിലേക്ക് വരുത്തിയിരുന്നു. അടിയന്തര സാഹചര്യം നേരിടാൻ ജില്ലാ ആസ്ഥാനത്ത് ഇവരെ സജ്ജമാക്കി നിർത്തിയിരുന്നതായി ജില്ലാ പോലീസ് മേധാവി ഒരു പ്രമുഖ മാധ്യമത്തിനോട് പറയുകയുണ്ടായി.
സോഷ്യല്‍ മീഡിയയില്‍ സാമുദായിക സ്പർധ ഉളവാക്കുന്നതരത്തിൽ സന്ദേശങ്ങൾ പരത്തുന്നവരെ ഉടൻ കണ്ടെത്തി ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവർക്കെതിരേയും നടപടിയുണ്ടാകും.

ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസർകോട്, ഹൊസ്ദുർഗ്, ചന്തേര പോലീസ് സ്റ്റേഷൻപരിധികളിൽ കഴിഞ്ഞരാത്രി പ്രഖ്യാപിച്ച നിരോധനാജ്ഞ തിങ്കളാഴ്ച അർദ്ധരാത്രിവരെ തുടരും. എന്നാല്‍ നബി ദിനം പ്രമാണിച്ച് ഇന്ന് നിരോധനാജ്ഞയില്‍ ചില ഇളവുകള്‍ കളക്ടർ ഡോ. ഡി.സജിത് ബാബു പ്രഖ്യാപിച്ചിട്ടുണ്ട്.
അയോധ്യ കേസില്‍ സുപ്രീം കോടതി വിധി പറഞ്ഞ ശനിയാഴ്ച രാവിലെമുതൽ കാസർകോട്ടും പരിസരത്തും പൊതുനിരത്തിൽ വാഹനങ്ങൾ പൊതുവേ കുറവായിരുന്നു. വിധിപ്രസ്താവം തുടങ്ങിയതോടെ തീർത്തും കുറഞ്ഞു. പിന്നീട് ഉച്ചയ്ക്കുശേഷമാണ് വാഹനങ്ങൾ പതിവുപോലെ ഓടിത്തുടങ്ങിയത്.
