
ദിനു
ഇന്നലെ കോളേജിൽ ചെന്നപാടേ അറിയുന്നത് നാളെ നടക്കാനിരിക്കുന്ന ജിഗ്നേഷ് മേവാനിയുടെ പരിപാടിക്കുള്ള അനുമതി പ്രിൻസിപ്പൾ റദ്ദ് ചെയ്തു എന്നതായിരുന്നു. വിനായകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഒരു തെരുവു നാടകം കളിയ്ക്കാൻ Ambedkar study circle പ്രവർത്തകർ പ്രിൻസിപ്പാളിനോട് അനുമതി ചോദിച്ചിരുന്നു. വേണമെങ്കിൽ പ്രകടനം നടത്തിക്കോളൂ എന്നാലും നാടകം കളിക്കരുത് എന്നായിരുന്നു മറുപടി. ക്രിയാത്മകമായ ഒരു പ്രതികരണത്തിന് അവകാശമില്ലേ എന്ന് ചോദിച്ചപ്പോൾ കഴിഞ്ഞ 7 വര്ഷമായ് അങ്ങനെയൊരു കീഴ് വഴക്കം ഇല്ലത്രേ. ഇതിൽ പ്രതിഷേധിച്ച് ഞങ്ങൾ ചില വിദ്യാർത്ഥികൾ ക്യാംപസിലെ പൊതു ഇടങ്ങളിൽ നാടകം കളിയ്ക്കാൻ അനുവദിയ്ക്കും വരെ ബി സോൺ ,ഇൻറർസോൺ മൽസരങ്ങളിൽ കോളേജിനെ പ്രതിനിധീക്കരിച്ച് പങ്കെടുക്കില്ല എന്നും പറഞ്ഞിരുന്നു. അങ്ങനെ ഇന്നലെ രാവിലെ കോളേജിൽ ചെന്നപ്പോൾ HOD പറയുന്നു നാളെ നടക്കാനിരിക്കുന്ന ജിഗ്നേഷ് മേവാനിയുടെ പരിപാടിക്കുള്ള അനുമതി പ്രിൻസിപ്പൾ റദ്ദ് ചെയ്തു. ഇന്നലെ കൊടുത്ത അപേക്ഷയിൽ സോഷ്യോളജി ഡിപ്പാർട്ട്മെന്റും ASC യും സംയുക്തമായി നടത്തുന്ന പരിപാടി എന്നതിലെ ASC അക്കാദമിക്ക് സ്റ്റാഫ് കൗൺസിൽ എന്ന് തെറ്റിദ്ധരിച്ചാണത്രേ പ്രിൻസിപ്പാൾ അനുമതി നൽകിയത്.
അതായത് പ്രൈവറ്റ് ഫേമുകളായി പോലും അസോസിയേറ്റ് ചെയ്ത് ഡിപ്പാർട്ട്മെൻറും കോളേജും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെങ്കിൽ കൂടി ക്യാംപസിലെ സ്വതന്ത്ര വിദ്യാർത്ഥി കൂട്ടായ്മയായ Ambedkar study circleളുമായ് ചേർന്ന് പറ്റിലത്രേ. അങ്ങനെ പ്രസ്തുത പരിപാടിയുടെ അനുമതി റദ്ദുചെയ്തു.
തുടർന്ന് പ്രസ്തുത പരിപാടിയ്ക്ക് ക്യാംപസിനുള്ളിൽ അനുമതി നൽകിയിട്ടില്ലെങ്കിൽ ഗേറ്റിന് പുറത്ത് വെച്ച് പരിപാടി നടത്തുകയും press release നൽക്കുകയും ചെയ്യുമെന്ന് നിവേദനം എഴുതി ASC അംഗങ്ങളുടെ നേത്യത്യത്തിൽ ഒപ്പുശേഖരണം നടത്തി. 504 വിദ്യാർത്ഥികൾ പരാതിയിൽ ഒപ്പിട്ടു. തുടർന്ന് കോളേജിലെ ചില അധ്യാപകരും ഞങ്ങൾക്കു വേണ്ടി പ്രിൻസിപ്പളിനെ കണ്ടു സംസാരിച്ചു.
വൈകുന്നേരം 5.30 യോട് കൂടിയാണ് ഇത് പൂർണ്ണമായും sociology department പരിപാടിയാക്കി നടത്താം എന്നും ബാനറടക്കമുള്ളവയിൽ ambedkar study circle എന്ന് പാടില്ല എന്ന രീതിയിൽ അനുമതി ലഭിക്കുന്നത്. അതോടൊപ്പം ഞാൻ സ്വാഗതം പറയരുത് എന്നായി കണ്ടീഷൻ. അതിനു വേണ്ടി പരിപാടിയുടെ മുഴുവൻ കാര്യക്രമങ്ങളും അധ്യാപകർ നടത്തുമെന്നും പറഞ്ഞു. അത് സമ്മതിക്കാൻ കഴിയില്ല എന്ന് പറഞ്ഞപ്പോൾ ഒടുക്കം vote of thanks പറഞ്ഞോളാൻ പറഞ്ഞു. അങ്ങനെ പരിപാടി നടത്താൻ ഒടുക്കം ഫാറൂഖ് കോളേജിന്റെ പ്രിൻസിപ്പളിൽ നിന്ന് അനുമതി കിട്ടി.
