ആരോഗ്യ മന്ത്രിയെ വഴിയില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്; സ്റ്റാഫംഗം ഈ മാസം ആദ്യം ഒഴിഞ്ഞെന്ന് വീണ ജോർജ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ആരോഗ്യ മന്ത്രിയെ വഴിയില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്; സ്റ്റാഫംഗം ഈ മാസം ആദ്യം ഒഴിഞ്ഞെന്ന് വീണ ജോർജ്

മാനന്തവാടി / വയനാട്: ക്രിമിനലുകളെ ഒപ്പം കൊണ്ടുനടക്കുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വഴിയില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. സര്‍ക്കാരിൻ്റെയും സിപിഎമ്മിൻ്റെയും അറിവോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ അക്രമം നടന്നത്. നടന്ന അക്രമം വിദ്യാര്‍ത്ഥി സമൂഹത്തിന് അപമാനമാണ്. എസ്എഫ്‌ഐ. അക്രമണത്തിന് വിഷയം ബഫര്‍ സോണല്ല, രാഹുല്‍ ഗാന്ധിയാണെന്നും ഷാഫി പറഞ്ഞു.

ഡിവൈഎസ്.പിയുടെ സസ്‌പെന്‍ഷനില്‍ വിഷയം തീരില്ല, മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം, കേരളത്തിൻ്റെ ഏറ്റവും ദുര്‍ബലമായ ആഭ്യന്തര വകുപ്പിൻ്റെ തലപ്പത്താണ് മുഖ്യമന്ത്രിയുള്ളത്. സി.പി.എമ്മിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. ജനാധിപത്യ മാതൃക നില നിര്‍ത്തിക്കൊണ്ടാവാം പ്രതിഷേധം. ഗൂഡാലോചനയില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം.പിടിക്കപ്പെട്ട 19 എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നടപടി ഒതുങ്ങരുത്. കൂടുതല്‍ പേരിലേക്ക് നടപടി വേണം. സര്‍ക്കാരിൻ്റെ ശമ്പളം വാങ്ങുന്നത് ഗുണ്ടായിസം കാണിക്കാനല്ല.

ഇത്തരം അക്രമികളെ കൂടെ കൊണ്ടു നടക്കുന്ന ആരോഗ്യ മന്ത്രിയെ വഴിയില്‍ തടയുമെന്നും യൂത്ത്
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ പങ്കാളിയായിട്ടുണ്ടെന്ന റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതികരണം. എന്നാല്‍ അക്രമത്തില്‍ ഉള്‍പ്പെട്ടയാള്‍ തൻ്റെ മുന്‍ സ്റ്റാഫ് അംഗമാണെന്നാണ് വീണാ ജോര്‍ജിൻ്റെ വിശദീകരണം. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഈ മാസം ആദ്യം അദ്ദേഹം ജോലിയില്‍ നിന്ന് രാജിവെച്ചിട്ടുണ്ടെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.

0Shares