
കൊല്ലം: സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ യുവതിയെ വശത്താക്കി തുടർന്ന് പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ യുവാവ് അറസ്റ്റില്‍. കൊല്ലം പത്തനാപുരം സ്വദേശിയായ എം.എസ് ഷാ എന്നയാളാണ് അറസ്റ്റിലായത്. പെണ്‍കുട്ടികള്‍ക്ക് ഇൻസ്റ്റാഗ്രാമിലൂടെ മെസ്സേജുകള്‍ അയയ്ക്കുകയും മറുപടി അയക്കുന്ന പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കുകയുമാണ് ഇയാളുടെ പതിവ് രീതിയെന്നാണ് പോലീസ് പറയുന്നത്.
നൂറനാട് സ്വദേശിനിയായ 18 വയസുകാരിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി യുവതിയെ പരിചയപ്പെട്ടതും പ്രണയത്തിലായതും. പിന്നീട് സൗഹൃദം മുതലാക്കി സ്വര്‍ണ്ണ മാലയും കമ്മലും ഊരി വാങ്ങി പണയം വെച്ചു. സ്വര്‍ണാഭരണങ്ങള്‍ തിരികെ തരാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്‌ദാനം നല്‍കി.

ഓട്ടോറിക്ഷയില്‍ ഇയാള്‍ വീടിന് സമീപമെത്തി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിളിച്ചിറക്കി കൊണ്ടുപോയി. നേരെ ഭരണിക്കാവിലെ വാടകവീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം സ്വര്‍ണാഭരണങ്ങള്‍ തിരികെ എടുത്തു തരാം എന്ന് പറഞ്ഞു കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇതോടെ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.
പോലീസ് പിടിയിലായ എം.എസ് ഷായെ വിശദമായി ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ പിടിച്ചെടുത്ത് പരിശോധിക്കുകയും ചെയ്‌തു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
