
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്ത് വന്ന അഭിപ്രായ സര്‍വെകൾക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ .സി വേണുഗോപാൽ. ഇത്തരം സര്‍വെകൾക്ക് യാതൊരു വിശ്വാസ്യതയുമില്ലെന്നും ഇത് വെറും പി.ആര്‍ എക്സർസൈസ് മാത്രമാണെന്നുമാണ് വേണുഗോപാലിന്‍റെ പ്രതികരണം.

ഒരേ കമ്പനി സർവെ നടത്തി മൂന്ന് ചാനലുകളിൽ കൊടുത്താൽ ആര് വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു. മുന്നണിക്കുള്ളിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മികച്ച വിജയം ഉണ്ടാകുമെന്നും കെ. സി വേണുഗോപാൽ വയനാട്ടിൽ പറഞ്ഞു.
ഒരുതവണ യു.ഡി.എഫ്, പിന്നെ എൽ.ഡി.എഫ് എന്ന പതിവ് രീതി മാറാൻ സാധ്യത ഉള്ളതിനാൽ പ്രവർത്തകർ കൂടുതൽ ശക്തമായ പ്രവർത്തനം നടത്തണമെന്ന് കെ. സുധാകരന്‍റെ പരാമര്‍ശവും കെ. സി വേണുഗോപാൽ തള്ളി. ഇത്തവണ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും അക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും വേണുഗോപാൽ വ്യക്തമാക്കി.
