
നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്തു നിന്നും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി മത്സരിക്കാനുളള സാധ്യതയേറുന്നു. ഇക്കാര്യത്തിൽ ഉമ്മൻചാണ്ടി ഹൈക്കമാൻഡിനെ സമ്മതം അറിയിച്ചുവെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്നറിയുന്ന സൂചന. എന്നാൽ അന്തിമതീരുമാനം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുളള ചർച്ചയ്ക്ക് ശേഷമായിരിക്കും പ്രഖ്യാപിക്കുക.
സോണിയ ഗാന്ധിയുമായുളള ചർച്ചയിൽ ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുന്നത് സംബന്ധിച്ച് ചില നിബന്ധകൾ വയ്ക്കുമെന്നാണ് അറിയുന്നത്. തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് അധികാരത്തിൽ വരികയാണെങ്കിൽ അതിൽ തന്‍റെ പങ്കാളിത്തം എത്തരത്തിലായിരിക്കണമെന്നതിൽ സോണിയ ഗാന്ധിയുമായി ഉമ്മൻചാണ്ടി ആശയവിനിമയം നടത്തും.

താൻ നേമത്ത് മത്സരിക്കുന്നതിലൂടെ പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മന്‍റെ രാഷ്ട്രീയ പ്രവേശം സുഗമമാക്കാനും ഉമ്മൻചാണ്ടിക്ക് കഴിയും. നേമത്ത് ഉമ്മൻചാണ്ടി മത്സരിക്കാൻ സാധ്യതയേറിയതോടെ കെ.മുരളീധരന്‍റെ പേര് സ്ഥാനാർത്ഥിസാധ്യത ലിസ്റ്റിൽ നിന്നും ഒഴിവാകും. കെ.സി.ജോസഫും കെ.ബാബുവും മത്സരിക്കില്ലെന്നാണു സൂചന.
അതേസമയം ഇക്കാര്യം മാധ്യമങ്ങളോട് ഉമ്മൻചാണ്ടി സ്ഥിരീകരിച്ചില്ല. 50 വർഷമായി മത്സരിക്കുന്നത് പുതുപ്പള്ളിയിലാണെന്നും നേമത്ത് മത്സരിക്കുമെന്ന് ആര് പറഞ്ഞെന്നുമാണ് ഉമ്മൻ ചാണ്ടി മാധ്യമപ്രവർത്തകരോടു ചോദിച്ചത്. പുതിയ വാർത്ത എങ്ങനെ വന്നെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഹൈക്കമാൻഡ് പറഞ്ഞാൽ മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.
