
ജൂനിയർ ആർട്ടിസ്റ്റായി സിനിമാ ജീവിതം ആരംഭിച്ചപ്പോൾ അമ്പത് രൂപയായിരുന്നു പ്രതിഫലം ലഭിച്ചതെന്ന് നടൻ ജോജു ജോർജ്. ഒറ്റ രാത്രിക്കൊണ്ട് വലിയ താരമാകാമെന്ന ചിന്തയൊന്നുമുണ്ടായിരുന്നില്ലെന്നും മുഖമൊന്ന് സിനിമയിൽ കാണിക്കണമെന്ന് മാത്രമായിരുന്നു ആദ്യം ആഗ്രഹിച്ചതെന്നും ഒ.ടി.ടി പ്ലേയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ജോജു ജോർജ് പറഞ്ഞു.
ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. സ്വപ്നങ്ങളെ പിന്തുടരുമ്പോൾ വളരെയധികം അപമാനങ്ങൾ നേരിടുകയും വേദന സഹിക്കുകയും വേണം. ജൂനിയർ ആർട്ടിസ്റ്റായി സിനിമാ ജീവിതം ആരംഭിക്കുമ്പോൾ 50 രൂപയായിരുന്നു ലഭിച്ചത്. കാലക്രമേണ 100 രൂപയായും 200 രൂപയായും വർദ്ധിച്ചു. അങ്ങനെയത് കൂടിക്കൊണ്ടിരിക്കുന്നതായി ജോജു ജോർജ് പറയുന്നു.

ജോജു ജോർജ് അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങിനെ:
സിനിമ ഒരിക്കലുമെന്നെ ദുർബലനാക്കിയിട്ടില്ല. ഫീൽഡിലെത്തിയപ്പോൾ ഒറ്റ രാത്രിക്കൊണ്ട് വലിയ താരമാകാമെന്ന ചിന്തയൊന്നുമുണ്ടായിരുന്നില്ല. എന്‍റെ മുഖമൊന്ന് സിനിമയിൽ കാണിക്കണമെന്ന് മാത്രമായിരുന്നു ആഗ്രഹം. പിന്നീട് ഒരു ഡയലോഗ് പറയാൻ ആഗ്രഹിച്ചു. തെറ്റുകൾ കൂടാതെ ഒരു ഡയലോഗ് എങ്ങനെ പറയണമെന്നോ എങ്ങനെയാണ് അഭിനയിക്കേണ്ടതെന്നോ എനിക്കറിയില്ലായിരുന്നു.
ഒരു ഡയലോഗ് പറഞ്ഞതിന് ശേഷം രണ്ട് ഡയലോഗ് പറയുവാൻ ആഗ്രഹിച്ചു. അങ്ങനെ എന്‍റെ ആഗ്രഹങ്ങളുടെ പട്ടിക വികസിച്ചുകൊണ്ടിരുന്നു. ചില കാര്യങ്ങൾ ഞാൻ ശരിയായ രീതിയിലല്ല ചെയ്യുന്നതെന്ന് ബോധ്യമായപ്പോൾ അതൊക്കെ തിരുത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഞാൻ ആഗ്രഹിച്ചതെല്ലാം എനിക്ക് ലഭിച്ചു. ഒരു സൈക്കിൾ ഓടിക്കണമെന്നാഗ്രഹിച്ചപ്പോൾ എനിക്കൊരു സൈക്കിൾ ലഭിച്ചു. എന്നാൽ ഇപ്പോൾ ഓടിക്കുന്ന ബി.എം.ഡബ്ല്യു ഓടിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല.
ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുമ്പോൾ, നിങ്ങൾ വളരെയധികം അപമാനങ്ങൾ നേരിടുകയും വേദന സഹിക്കുകയും വേണം. പക്ഷെ അതാണ് എന്‍റെ സ്വകാര്യ ജീവിതം. അതിന് സിനിമയുമായി യാതൊരു ബന്ധവുമില്ല. ജൂനിയർ ആർട്ടിസ്റ്റായി സിനിമാ ജീവിതം ആരംഭിക്കുമ്പോൾ 50 രൂപയായിരുന്നു ലഭിച്ചത്. കാലക്രമേണ 100 രൂപയായും 200 രൂപയായും വർദ്ധിച്ചു. അങ്ങനെയത് കൂടിക്കൊണ്ടിരിക്കുന്നു.
