
നടി കങ്കണ റണാവത്തിൻ്റെ വിക്കിപീഡിയ പേജ് ഹൈജാക്ക് ചെയ്യപ്പെട്ടെന്ന് ആരോപണം. കങ്കണ തന്നെയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. വിക്കിപീഡിയ പൂർണമായും ഇടതുപക്ഷക്കാരാൽ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് കങ്കണ പറയുന്നത്.
തൻ്റെ ജന്മദിനവും ഉയരവും അടക്കമുള്ള കാര്യങ്ങൾ തെറ്റായ രീതിയിലാണ് എഴുതിയിരിക്കുന്നതെന്നും കങ്കണ ആരോപിച്ചു. മാർച്ച് 23ന് ആണ് തന്നെ ജന്മദിനമെന്നും എന്നാൽ മാർച്ച് 20ന് ആണ് വിക്കിപീഡിയയിൽ കൊടുത്തിരിക്കുന്നത് എന്നുമാണ് കങ്കണ പറയുന്നത്.

”വിക്കിപീഡിയ പൂർണ്ണമായും ഇടതുപക്ഷക്കാർ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. എന്റെ ജന്മദിനം, ഉയരം അല്ലെങ്കിൽ പശ്ചാത്തലം തുടങ്ങി എന്നെ കുറിച്ചുള്ള മിക്ക വിവരങ്ങളും പൂർണ്ണമായും തെറ്റാണ്…എത്ര തിരുത്തിയാലും അത് വീണ്ടും തെറ്റിച്ച് കൊടുക്കുകയാണ്…”
”എൻ്റെ പിറന്നാൾ മാർച്ച് 20ന് ആണെന്ന് കരുതി മാധ്യമങ്ങളും, റേഡിയോ ചാനലുകളും ഫാൻസ് ക്ലബ്ബുകളും ആശംസകൾ അയക്കാൻ തുടങ്ങി. എന്നാൽ അതിൽ എനിക്ക് പ്രശ്‌നമൊന്നുമില്ല. പക്ഷെ വിക്കിപീഡിയ മാർച്ച് 20 എന്ന് പറയുന്നതു കൊണ്ട് പലരും ആശയക്കുഴപ്പത്തിൽ ആയിരിക്കുകയാണ്. വിക്കിപീഡിയ മുഴുവൻ തെറ്റാണ്” എന്നാണ് കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
