
തിരുവനന്തപുരം / കണ്ണൂര്‍: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി ഇന്നും തുടർന്നു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പരക്കെ അക്രമം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ വെച്ചു കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.

കണ്ണൂരില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരൻ്റെ ഭാര്യ ഭാര്യ സ്മിത ടീച്ചറുടെ കാടാച്ചിറ ആഡൂരിലുള്ള കുടുംബവീട് അടിച്ചു തകര്‍ത്തു. സുധാകരൻ്റെ ഭാര്യാ സഹോദരി റീത്ത, സഹോദരി ഭര്‍ത്താവ് ലക്ഷ്മണന്‍ എന്നിവരാണ് ഇവിടെ താമസിക്കുന്നത്. രാത്രിയാണ് അക്രമി സംഘം ആയുധങ്ങളുമായെത്തി തല്ലി തകര്‍ത്തത്. കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ അക്രമമുണ്ടായി. തലശേരിയില്‍ എല്‍.എസ് പ്രഭു മന്ദിരം തകര്‍ത്തു. തളിപ്പറമ്പ് ടൗണ്‍ കോണ്‍ഗ്രസ് ഓഫിസ് അക്രമികള്‍ അടിച്ചു തകര്‍ത്തു. ഇവിടെയുള്ള ഫര്‍ണിച്ചറുകള്‍ മുഴുവന്‍ തകര്‍ത്തിട്ടുണ്ട്.

പയ്യന്നുരില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു. കണ്ണൂരിലെ പലയിടങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പൊലിസിനെ നിയോഗിച്ചിട്ടുണ്ട്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോയുടെ നേതൃത്വത്തിലാണ് പൊലിസ് കൂടുതല്‍ അക്രമം വ്യാപിപിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി രാഹുല്‍ ആര്‍.നായര്‍ക്കാണ് ക്രമസമാധാന ചുമതലയുള്ളത്.
