
പതിറ്റാണ്ടുകളായി വെള്ളത്തിൽ മുങ്ങിപ്പോയ ഒരു ഇറ്റാലിയൻ ഗ്രാമത്തിന്‍റെ അവശിഷ്ടങ്ങൾ 71 വർഷത്തിനിടെ ആദ്യമായി കണ്ടെത്തി. ഇറ്റലിയിലെ സൗത്ത് ടൈറോളിന്‍റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു കൃത്രിമ തടാകമായ റെസിയ തടാകത്തിലാണ് ഇത് കണ്ടെത്തിയത്.
പ്രശസ്തമായ റെസ്‌ചെൻ ചുരത്തിന് ഏകദേശം 2 കിലോമീറ്റർ തെക്ക് ഭാഗത്തായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. 1950 ൽ ഒരു ജലവൈദ്യുത നിലയം സ്ഥാപിക്കുന്നതിനായി ഒരു ഡാം നിർമ്മിച്ചതിനെ തുടർന്നാണ് കുറോൺ എന്ന ഗ്രാമം വെള്ളത്തിനടിയിലായത്. ഡാം നിർമ്മിക്കുന്നതിന് മുൻപ് ഇവിടെ നൂറുകണക്കിന് ആളുകൾ താമസിച്ചിരുന്നു. തടാകം വറ്റിയതിനെ തുടർന്നാണ് ഗ്രാമത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

71 വർഷങ്ങൾക്ക് മുമ്പാണ് അധികൃതർ ഇവിടെ ഡാം നിർമ്മിച്ച് സമീപത്തുള്ള രണ്ട് തടാകങ്ങൾ ഒരുമിപ്പിച്ചത്, ഇതിന്‍റെ ഫലമായി കുറോൺ വെള്ളത്തിനടിയിലായത്. 160 ലധികം വീടുകൾ ഈ ഗ്രാമത്തിൽ ഉണ്ടായിരുന്നു.
വെള്ളത്തിനടിയിലായ ഗ്രാമത്തിന്‍റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
കുറോൺ ഗ്രാമത്തിന്‍റെ കഥ 2020ൽ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് ഡ്രാമയ്ക്ക് പ്രചോദനമായിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടിലെ പള്ളി ഗോപുരം വെള്ളത്തിൽ ഉയർന്ന് നിൽക്കുന്നതിനാൽ തടാകം ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്.
