പൊയിനാച്ചി ചെറുകരയിലെ ദാവൂദ് ജുമാ മസ്ജിദിൽ കൊറോണ സ്ഥിരീകരിച്ച സ്ത്രീയുടെ മൃതദേഹം മറവുചെയ്തില്ല; മയ്യത്ത് സംസ്കരിച്ചത് നെല്ലിക്കട്ട പള്ളി ഖബർസ്ഥാനിൽ; സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന സംഭവത്തിന്‍റെ നിജസ്ഥിതി എന്ത് ?

You are currently viewing പൊയിനാച്ചി ചെറുകരയിലെ ദാവൂദ് ജുമാ മസ്ജിദിൽ കൊറോണ സ്ഥിരീകരിച്ച സ്ത്രീയുടെ മൃതദേഹം മറവുചെയ്തില്ല; മയ്യത്ത് സംസ്കരിച്ചത് നെല്ലിക്കട്ട പള്ളി ഖബർസ്ഥാനിൽ; സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന സംഭവത്തിന്‍റെ നിജസ്ഥിതി എന്ത് ?

ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട്

കാസർകോട്: പൊയിനാച്ചി ചെറുകരയിലെ ദാവൂദ് ജുമാ മസ്ജിദിൽ കൊറോണ സ്ഥിരീകരിച്ച സ്ത്രീയുടെ മൃതദേഹം മറവുചെയ്തില്ല എന്ന സംഭവത്തിൽ വിവാദം ഉടലെടുത്തു. പള്ളി കമ്മിറ്റിയെ മോശമായ രീതിയിൽ ചിത്രീകരിക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നതായാണ് ചെറുകര മഹല്ല് നിവാസികൾ പറയുന്നത്. മരണപ്പെട്ട സ്ത്രീയുടെ കുടുംബത്തിനോ പള്ളി കമ്മിറ്റി ഭാരവാഹികൾക്കോ അറിയാത്ത കാര്യങ്ങളാണ് സോഷ്യൽ മീഡിയകളിൽ ചിലർ പ്രചരിക്കുന്നത് എന്നും മഹല്ല് നിവാസികൾ പറഞ്ഞു.

സ്ത്രീയുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മറവ് ചെയ്യാൻ സ്ഥല പരിമിതികൾ ഉണ്ടായിരുന്നു. പാറ പ്രദേശമായതിനാൽ നിലവിൽ 3 ഖബർ കുഴിച്ചിട്ട അവസ്ഥയിലാണ്. പള്ളിയോട് ചേർന്നാണ് നിലവിലെ ഖബർ സ്ഥാനം. യന്ത്രത്തിന്‍റെ സഹായത്തോടെയാണ് നിലവിൽ ഖബർ കുഴിച്ചിട്ടുള്ളത്. വെറും അഞ്ച് സെന്റ് സ്ഥലത്താണ് പള്ളിയും പരിസരവും നിലകൊള്ളുന്നത്. ഇവിടം പരിമിതികൾ ഏറെയാണ്‌. ഇത് അറിയാത്തവരാണ് പള്ളി കമ്മറ്റിയെ കുറ്റപ്പെടുത്തുന്നത്.

പുറത്തുള്ളവർ അറിയാതെയാണെങ്കിലും കുറ്റപ്പെടുത്തുന്നതിന് പകരം ഇവിടത്തെ പരിമിതികൾ പരിഹരിക്കാൻ മഹല്ല് കമ്മറ്റിയുമായി സഹകരിക്കുകയാണ് വേണ്ടത് എന്നും ചെറുകര നിവാസികൾ ചാനൽ ആർ.ബിയോട് പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിലവിലെ ഖബറിനെക്കാളും ആഴത്തിൽ കുഴിയെടുക്കേണ്ടതുണ്ട്. ഖബർ കുഴിക്കാൻ സ്ഥലത്തേക്ക് നിലവിൽ വാഹനം കടന്നു പോകാനും ബുദ്ധിമുട്ടുണ്ട്. ഈ പരിമിതികളെല്ലാം മരിച്ച സ്ത്രീയുടെ കുടുംബാംഗങ്ങൾക്ക് അറിയാം. അതിനാലാണ് മരിച്ച സ്ത്രീയുടെ മകൻ അംഗമായ നെല്ലിക്കട്ട ജുമാ മസ്ജിദിലെ ഖബർ സ്ഥാനിൽ മയ്യത്ത് ഖബറടക്കാൻ കുടുംബം തീരുമാനം കൈകൊണ്ടത്. കുടുംബത്തിന്‍റെ പൂർണ്ണ സമ്മതത്തോടെയാണ് കാര്യങ്ങൾ നീക്കിയത് എന്നും മഹല്ല് ഭാരവാഹി പറഞ്ഞു.

കുടുംബത്തിന് ഈ കാര്യത്തിൽ എതിർപ്പുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ചിലർ ഈ സംഭവത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മഹല്ല് കമ്മറ്റിയെ മോശമാക്കി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുകയാണ് ചെയ്തത്. നിലവിൽ ഈ മഹല്ല് പ്രദേശത്ത് ഒന്നിൽ അധികം ആളുകൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർ നിരീക്ഷണത്തിലുമാണ്. കൊറോണ ബാധിച്ച് ആര് മരിച്ചാലും അല്ലങ്കിലും മറവ് ചെയ്യുന്നതിൽ ഞങ്ങൾക്ക് ഒരു മടിയുമില്ല അദ്ദേഹം പറഞ്ഞു. “സോഷ്യൽ മീഡിയകളിൽ വന്ന പ്രചാരണം ചിലരുടെ തെറ്റിദ്ധാരണയാണെന്നും ചെറുകര ദാവൂദ് പള്ളിയുടെ പരിമിതികൾ ഞങ്ങൾക്ക് അറിയാമെന്നും മരിച്ച സ്ത്രീയുടെ കുടുംബം ചാനൽ ആർ.ബിയോട് പറഞ്ഞു.”

കൊറോണ ബാധിച്ച സ്ത്രീയുടെ മയ്യത്ത് ഖബടക്കിയില്ല എന്നതായിരുന്നു ചെറുകര പള്ളിക്കെതിരെ ചിലർ സോഷ്യൽ മീഡിയകളിൽ പ്രചാരണം നടത്തിയത്. ഇതിനുള്ള മറുപടിയാണ് ചെറുകര മഹല്ല് നിവാസികൾ നൽകിയത്.

0Shares