ഡോ. അഭിരാമിയെ മരിച്ച നിലയില്‍ കണ്ടത് താമസ സ്ഥലത്ത്; വിവാഹം അഞ്ചുമാസം മുമ്പ്, യുവ ഡോക്ടർക്ക് സംഭവിച്ചതെന്ത്.? പോലീസ് അന്വേഷണം തുടങ്ങി

You are currently viewing ഡോ. അഭിരാമിയെ മരിച്ച നിലയില്‍ കണ്ടത് താമസ സ്ഥലത്ത്; വിവാഹം അഞ്ചുമാസം മുമ്പ്, യുവ ഡോക്ടർക്ക് സംഭവിച്ചതെന്ത്.? പോലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: യുവ വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സീനിയർ റസിഡണ്ട് ഡോക്ടർ വെള്ളനാട് സ്വദേശിനി അഭിരാമി ബാലകൃഷ്‌ണനെയാണ് ഉള്ളൂർ പി.ടി ചാക്കോ നഗറില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിനുള്ളില്‍ നിന്നും മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അമിത അളവില്‍ അനസ്തേഷ്യ മരുന്ന് കുത്തി വെച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ചൊവാഴ്‌ച വൈകിട്ട് ആറരയോടെ അഭിരാമി ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് അമ്മ വീട്ടുടമസ്ഥനായ ബൈജുവിനെ ഫോണില്‍ വിളിക്കുകയായിരുന്നു. ബൈജുവും ഭാര്യയും ഏറെ നേരം വിളിച്ചിട്ടും മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടർന്നു ജനല്‍ ചില്ല് തകർത്ത് നടത്തിയ പരിശോധനയിലാണ് കട്ടിലില്‍ ബോധരഹിതയായി കിടക്കുന്ന അഭിരാമിയെ കണ്ടെത്തിയത്. കയ്യില്‍ സിറിഞ്ച് പിടിച്ചിട്ടുണ്ടായിരുന്നു.

മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അഭിരാമിയെ ഉടൻ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. എന്നാല്‍ നേരത്തെ മരണം സംഭവിച്ചെന്ന് മെഡിക്കല്‍ കോളേജ് അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. വൈകിട്ട് മുംബൈയിലുള്ള ഭർത്താവ് പ്രതീഷ് രഘുവിനെ അഭിരാമി വിളിച്ചിരുന്നു. കൊല്ലത്തുള്ള ഭർത്താവിൻ്റെ വീട്ടിലേക്ക് അഭിരാമി എത്തുമെന്ന് അറിയിച്ചതുമാണ്.

എന്നാല്‍, പിന്നീട് എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി ആർക്കുമറിയില്ല. അഞ്ച് മാസം മുമ്പായിരുന്നു പ്രതീഷുമായുള്ള അഭിരാമിയുടെ വിവാഹം. യുവ ഡോക്ടർ ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമല്ല. മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം ആരംഭിച്ചത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

0Shares