കിഫ്ബി: അടിയന്തര പ്രമേയം തള്ളി, പ്രതിപക്ഷം ഇറങ്ങിപ്പോയി ; നിയമസഭയില്‍ നടന്നത് ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്ക്പോര്

  • Post category:news
  • Reading time:1 min read
You are currently viewing കിഫ്ബി: അടിയന്തര പ്രമേയം തള്ളി, പ്രതിപക്ഷം ഇറങ്ങിപ്പോയി ; നിയമസഭയില്‍ നടന്നത് ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്ക്പോര്

കിഫ്ബിയെ കുറിച്ചുള്ള സി.എ.ജി. റിപ്പോർട്ടിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി. പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. വി.ഡി. സതീശൻ എം.എൽ.എയാണ് കിഫ്ബിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്. 12 മണിക്ക് ആരംഭിച്ച ചർച്ച രണ്ടുമണി വരെ തുടർന്നു. ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരാണ് പ്രമേയ ചർച്ചയിൽ നടന്നത്.

ധനമന്ത്രി തോമസ് ഐസക്ക് കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോർട്ടിൽ നിയമസഭയെയും ഗവർണറെയും തെറ്റിദ്ധരിപ്പിച്ചെന്ന് വി. ഡി. സതീശൻ എം.എൽ.എ പറഞ്ഞു. ഭരണഘടനയുടെ 293 ാം വകുപ്പ് കിഫ്ബി മറികടന്നു. കിഫ്ബിയെ അല്ല ബജറ്റിന് പുറത്തുള്ള കടമെടുപ്പിനെയാണ് വിമർശിക്കുന്നത്. എക്സിറ്റ് മീറ്റിംഗ് മിനിറ്റ്സ് സി.എ.ജി നൽകിയിട്ടും കിട്ടിയില്ലെന്ന് മന്ത്രി കള്ളം പറഞ്ഞു.

കിഫ്ബിക്ക് വിശദീകരണം നൽകാൻ അവസരം നൽകിയില്ലെന്ന വാദം തെറ്റാണ്. മന്ത്രി തോമസ് ഐസക്കിന്റേത് രാഷ്ട്രീയ കൗശലമാണെന്നും പ്രസംഗിക്കവെ വി.ഡി. സതീശൻ പറഞ്ഞു. സി.എ.ജി റിപ്പോർട്ട് സർക്കാരിനുനേരെയുള്ള വെല്ലുവിളിയെന്ന് ജെയിംസ് മാത്യു എം.എൽ.എ പറഞ്ഞു. സർക്കാരിനെതിരെ കോൺഗ്രസ്-ആർഎസ്എസ് ഗൂഢാലോചന നടന്നു.

കിഫ്ബിക്കെതിരെ സി.എ.ജിയെ കക്ഷിചേർത്ത് ഹർജി നൽകിയത് ആർഎസ്എസ് അനുഭാവിയാണ്. സി.എ.ജിയിലെ ഉദ്യോഗസ്ഥരും ഗൂഢാലോചനയിൽ ഉൾപ്പെട്ടുവെന്ന് ജെയിംസ് മാത്യു ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോരെന്ന ഭരണപക്ഷനിലപാട് കോൺഗ്രസ് ശരിവച്ചു.

0Shares