
കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരിനെയും കെ.വി. തോമസിനെയും സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയതില്‍ പ്രതികരണവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഈ ‘വിലക്ക്’ കോണ്‍ഗ്രസിന് ചേര്‍ന്നതോ? എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് മന്ത്രിയുടെ പ്രതികരണം. ബി.ജെ.പി ഇതര സര്‍ക്കാരുകളുടെ പ്രതീകമായ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പെടെ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. വരാമെന്ന് വാക്കുതന്ന നേതാക്കളെ എന്തുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വം വിലക്കി?
സംഘപരിവാര്‍ രാഷ്ട്രീയത്തെ ചെറുക്കുവാനുള്ള ആശയരൂപീകരണ വേദിയായ സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റെന്നും റിയാസ് ചോദിച്ചു. സി.പി.ഐ.എം സെമിനാറുകളില്‍ മുന്‍പ് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മതനിരപേക്ഷ സെമിനാറുകളില്‍ ക്ഷണിച്ചാല്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. മുന്‍പ് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഇത്തരം സെമിനാറുകളില്‍ ഞങ്ങള്‍ പങ്കെടുത്തിട്ടുമുണ്ട്.

അപ്പോള്‍ പിന്നെ ഇപ്പോഴത്തെ വിലക്കുകൊണ്ട് കോണ്‍ഗ്രസ് എന്താണ് ഉന്നം വെക്കുന്നതെന്നും റിയാസ് പറഞ്ഞു. കേരളത്തില്‍ സമീപ കാലത്തായി നടന്ന ചില സമരങ്ങളില്‍ ബി.ജെ.പിയിലെയും യു.ഡി.എഫിലെയും ചില നേതാക്കളെ ഒന്നിച്ച് കാണുന്നുമുണ്ട്. നേരത്തെ പറഞ്ഞ പ്രധാനമന്ത്രിയുടെ വാക്കുകള്‍ പിന്‍പറ്റി കൂടുതല്‍ അപകടം ഇതുപക്ഷമാണ് എന്ന് കരുതുന്നവരായി ബി.ജെ.പിക്കൊപ്പം സമരത്തില്‍ പങ്കെടുക്കുന്ന ഈ യു.ഡി.എഫ് നേതാക്കള്‍ മാറിയോ എന്നും റിയാസ് ചോദിച്ചു.
ബി.ജെ.പിക്കൊപ്പം സമരവേദി പങ്കുവെക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ വിലക്കാന്‍ എന്തേ കോണ്‍ഗ്രസ് നേതൃത്വത്തിന് ശബ്ദമുയരുന്നില്ല? ഒരു കാര്യം അസന്ദിഗ്ദ്ധമായി പറയാം, ബി.ജെ.പിക്കെതിരെ ഞങ്ങള്‍ ഒരുക്കാന്‍ ആഗ്രഹിക്കുന്ന ആശയരൂപീകരണ വേദിയായ സെമിനാറില്‍ നിന്ന് ഒരുപക്ഷേ തങ്ങളുടെ നേതാക്കളെ കോണ്‍ഗ്രസ് നേതൃത്വത്തിന് വിലക്കാനായേക്കും. പക്ഷേ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവരിലെ ഭൂരിപക്ഷം വരുന്ന മതനിരപേക്ഷ മനസ്സുകളെ ഞങ്ങളൊരുക്കുന്ന ആശയരൂപീകരണത്തിൻ്റെ ഫലമായി വരുന്ന പൊതുമുന്നേറ്റത്തില്‍നിന്ന് വിലക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
