
ആറ്റിങ്ങൽ: കർണാടകയിൽ നിന്നെത്തിയ ആന ജനങ്ങളുടെ ജീവനെടുക്കുമ്പോൾ കര്‍ണാടക ഭരിക്കുന്നവരുടെ നേതാവ് കൂടിയായ വയനാട് എം.പി രാഹുൽഗാന്ധി മണ്ഡലത്തില്‍ നടക്കുന്നതൊന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മോദിവിരുദ്ധ സമരത്തിന് കേരള-കർണാടക വനം മന്ത്രിമാര്‍ ഒരേസമയം ഡൽഹിയിൽ ഉണ്ടായിരുന്നു.
ഈ വിഷയത്തിൽ എന്തെങ്കിലും ചർച്ച നടത്തിയിരുന്നുവെങ്കിൽ ജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചേനെയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മോദിക്കെതിരെ സമരം ചെയ്യുന്ന സമയത്ത് കേരളത്തിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാൻ എന്ത് നടപടിയെടുത്തുവെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കാൻ കഴിയാത്ത വനം മന്ത്രിയെ പുറത്താക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വയനാട്ടില്‍ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെ കുടുംബവും ഈ ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്.
നികുതിദായകരുടെ പണം കൊണ്ട് എ.കെ ശശീന്ദ്രനെപ്പോലുള്ളവരെ തീറ്റിപ്പോറ്റേണ്ട കാര്യമില്ലെന്നും വി.മുരളീധരൻ ആറ്റിങ്ങലിൽ പറഞ്ഞു. കർണാടക സർക്കാർ റേഡിയോ കോളർ ഘടിപ്പിച്ച ആനയായിട്ടും മുന്നറിയപ്പ് നൽകാൻ പോലും വനംവകുപ്പിന് കഴിയാതിരുന്നത് ഗുരുതര വീഴ്‌ചയാണ്.
