
കാസര്‍കോട് ജില്ലയില്‍ കര്‍ണാടകത്തോട് ചേര്‍ന്നുള്ള അതിര്‍ത്തി പ്രദേശങ്ങളുടെ പേരുകള്‍, കേരളം മാറ്റുന്നുവെന്ന ആരോപണത്തില്‍ വാദ-പ്രതിവാദങ്ങള്‍ ചൂടുപിടിക്കുന്നു. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്, കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയും മുന്‍ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിയും കത്തയച്ചതോടെയാണ് വിഷയം സജീവ ചര്‍ച്ചയായത്.
തുളു-കന്നട ശൈലിയിലുള്ള സ്ഥലപ്പേരുകള്‍ മലയാള ശൈലിയിലേക്ക് മാറ്റുന്നുവെന്ന ആരോപണം ശക്തമായതോടെയാണ്, വിഷയത്തില്‍ നേരിട്ട് ഇടപെടാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചത്. പേരുമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ നടന്നിട്ടില്ല. കാസര്‍കോട്, മഞ്ചേശ്വരം മേഖലയില്‍ കന്നടിഗരും, മലയാളികളും ഒരുമിച്ച് താമസിക്കുന്നതിനാല്‍ നിലവിലെ പേരുമാറ്റ തീരുമാനം ശരിയാകില്ലെന്ന് യെദിയൂരപ്പ അഭിപ്രായപ്പെട്ടു.

ഭാവിയിലേക്കുള്ള ഐക്യം സംരക്ഷിക്കപ്പെടണമെന്നും കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കി. ഇതേ വിഷയത്തില്‍, കര്‍ണാടക അതിര്‍ത്തി മേഖല വികസന അതോറിറ്റി ചെയര്‍മാന്‍ സി. സോമശേഖര്‍ കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഗ്രാമങ്ങളുടെ കന്നട നാമം മാറ്റാനുള്ള തീരുമാനം പ്രാദേശിക തലത്തില്‍ എടുത്തതായിരിക്കാമെന്നും, എന്നാല്‍ കേരള മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടേണ്ടത് അനിവാര്യമാണെന്നും കത്തില്‍ സോമശേഖര്‍ ചൂണ്ടിക്കാട്ടി.
ഇതേ വിഷയത്തില്‍ ബി.ജെ.പി എം.പി പ്രതാപ് സിംഹ ഉള്‍പ്പെടെയുള്ളവര്‍, കര്‍ണാടക സര്‍ക്കാരിന്‍റെ ശക്തമായ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, സ്ഥലപ്പേരുകള്‍ മാറ്റുമെന്നത് അസംബന്ധമെന്നാണ് കാസര്‍കോട് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. കേരള-കര്‍ണാടക ബന്ധം മോശമാക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നതായും ജില്ലാ കളക്ടര്‍ സജിത് ബാബു പ്രതികരിച്ചു. സര്‍ക്കാര്‍തലത്തില്‍ ഇത്തരമൊരു നീക്കം ഉണ്ടായിട്ടില്ലെന്ന് മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫും വ്യക്തമാക്കി.
പ്രചാരണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. കന്നഡ സ്ഥലപ്പേരുകള്‍ മാറ്റാന്‍ ഒരു നീക്കവും സര്‍ക്കാര്‍ തലത്തില്‍ ഇല്ലെന്ന് വ്യക്തമാക്കിയ എ.കെ.എം അഷ്‌റഫ് പ്രചാരണത്തിന് പിന്നില്‍ ചില ആളുകളുടെ ഗൂഢ നീക്കമുണ്ടെന്നും ആരോപിച്ചു. വ്യാജ വാര്‍ത്ത ബി.ജെ.പി നേതാക്കള്‍ ട്വീറ്റ് ചെയ്ത് വലുതാക്കുകയാണെന്നും കെ. സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ദുരുദ്ദേശപരമാണെന്നും അഷ്‌റഫ് ആരോപിച്ചു.
