
യു.ഡി.എഫ്, മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിൽ സൗമ്യ മുഖമായിരുന്നു മുൻ പൊതു മരാമത്ത് മന്ത്രിയായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റേത്. യു.ഡി.എഫ് കാലത്ത് 245 പാലങ്ങൾ നിർമിച്ച് ‘വികാസ് പുരുഷ്’ ആയ ഇബ്രാഹിംകുഞ്ഞ് പാലാരിവട്ടം പാലം അപകടത്തിലാകുകയും കേസ് ഉയരുകയും ചെയ്തതോടെയാണ് വിവാദ പുരുഷനായി മാറിയത്.
പെട്ടെന്ന് ഒരു വിവാദ നായകന്‍റെ പരിവേഷമായതിൽ താനും അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് പറയുകയാണ് വി.കെ.ഇബ്രാഹിംകുഞ്ഞ്. കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്ന വേളയിലാണ് പാലാരിവട്ടം പാലം അഴിമതിക്കേസിൽ അദ്ദേഹം അറസ്റ്റിലാകുന്നത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം ആദ്യമായി നൽകിയ അഭിമുഖത്തിൽ മലയാള മനോരമ സ്‌പെഷൽ കറസ്‌പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ എംഎൽഎയോ മന്ത്രിയോ ആയപ്പോഴെല്ലാം യു.ഡി.എഫ് ജനപ്രതിനിധികളുടെ കാര്യം മാത്രമല്ല, മറുഭാഗത്തുള്ളവരുടെയും ആവശ്യങ്ങൾ താൽപ്പര്യപൂർവമാണ് പരിഗണിച്ചിരുന്നതെന്ന് ഇബ്രാഹിംകുഞ്ഞ് ക്രോസ് ഫയറിൽ പറഞ്ഞു. 2011-16 കാലത്തെ പല എം.എൽ.എമാരും ഇപ്പോൾ നിയമസഭയിൽ ഇല്ല. അവരോട് ചോദിച്ചാൽ ഇക്കാര്യം പറയും. പല അവസരങ്ങളിലും അന്നത്തെ പ്രതിപക്ഷത്തുനിന്നു വലിയ പിന്തുണ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ വിവാദത്തിന് അടിസ്ഥാനമായ കാര്യങ്ങളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ എറണാകുളം ജില്ലയിലെ സി.പി.എമ്മിന് സമീപകാലത്ത് കടുത്ത വിരോധമുണ്ടായതായും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് ഹൈബി ഈഡന്‍റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എന്ന നിലയിലുള്ള തന്‍റെ പ്രവർത്തനമാണ് സി.പി.എം വിരോധത്തിനുളള ഒരു കാരണം. യു.ഡി.എഫിന്‍റെ വിജയം ഉറപ്പാക്കാൻ അൽപം കടുപ്പത്തിൽ തന്നെ പ്രവർത്തിച്ചു എന്ന് ഇപ്പോൾ തോന്നുന്നു. താൻ അങ്ങനെ പ്രവർത്തിച്ചിരുന്നില്ലെങ്കിലും യു.ഡി.എഫ് ജയിക്കുമായിരുന്നു. ഹൈബി ഈഡന്‍റെ എതിരാളിയായിരുന്ന സി.പി.എമ്മിന്‍റെ പ്രമുഖനായ നേതാവ് പി. രാജീവിനെയാണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് രാജീവ് തന്‍റെ സുഹൃത്താണെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്‍റെ മറുപടി.
എന്നാൽ അങ്ങനെ ഒരു സൗഹൃദം ആ തിരഞ്ഞെടുപ്പിൽ താൻ ഒട്ടും കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അതിന്‍റെ പേരിൽ തനിക്കെതിരെ കേസുമായി വന്നു എന്ന് താൻ ആരോപിക്കുന്നില്ല. പക്ഷേ അതിനുശേഷം സി.പി.എം ജില്ലാ കമ്മിറ്റി പാലാരിവട്ടം പ്രശ്‌നം ബോധപൂർവം ഉയർത്തി. മുഖ്യമന്ത്രിക്ക് അവർ കൊടുത്ത നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസെടുത്തത്. ഇതെല്ലാം യാദൃച്ഛികമായി സംഭവിച്ചതാണ് എന്നു കരുതാൻ കഴിയില്ല. പാർലമെന്റ് തിരഞ്ഞെടുപ്പ് ഒരു വഴിത്തിരിവായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
