
കെട്ടിട നിര്‍മ്മാണ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇടുക്കി മൂന്നാര്‍ മേഖലയില്‍ സി.പി.എം നിര്‍മ്മിക്കുന്ന പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്തി വെക്കണമെന്ന് ഹൈക്കോടതി. ആവശ്യമെങ്കില്‍ പോലീസ് സഹായം തേടണമെന്നും ഇടുക്കി ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
എന്‍.ഒ.സിയില്ലാതെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് എതിരെ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.

എന്നാല്‍ ഇത് ലംഘിച്ചു കൊണ്ട് സി.പി.എം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണവുമായി മുന്നോട്ട് പോയതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍. മൂന്നാര്‍ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ഡിവിന്‍ ബെഞ്ചിന്‍റെതാണ് തീരുമാനം.
ശാന്തന്‍പാറ, ബൈസണ്‍വാലി, ഉടുമ്പന്‍ചോല എന്നിവിടങ്ങളിലെ സി.പി.എം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണങ്ങള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് നിര്‍ത്തി വേക്കേണ്ടി വരും. ഇതില്‍ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസാണ് ശാന്തന്‍പാറയില്‍ നിര്‍മ്മാണത്തിൽ ഇരിക്കുന്നത്. ആവശ്യമെങ്കില്‍ ജില്ലാ പോലീസ് മേധാവി, പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മൂന്നാറിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് കോടതി നേരത്തെ തന്നെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
