
ബേഡകം /കാസർകോട്: ലോകത്താകമാനം കോറോണ വൈറസ് പരക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാറിന്‍റെ ലോക്ക് ഡൗൺ ഉത്തരവും ജില്ലാ കലക്ടറുടെ നിരോധനാജ്ഞയും പോലീസിന്‍റെ മുന്നറിയിപ്പുകളും ലംഘിച്ചുകൊണ്ട് പകർച്ചവ്യാധി വ്യാപനത്തിന് കാരണമാവുന്ന തരത്തിലും പൊതുസുരക്ഷയ്ക്ക് മന:പൂർവ്വം വീഴ്ചയുണ്ടാക്കുന്നതിനായി പ്രവർത്തിച്ചുവെന്ന കാരണത്തിൽ രണ്ട് പേർക്കെതിരെ ബേഡകം പോലീസ് കേസെടുത്തു.

കുണ്ടംകുഴി ടൗണിൽ വെച്ച് ലോക് ഡൗൺ ഉത്തരവ് ലംഘിച്ചതിന് അബ്ബാസ്, കാരക്കാട് എന്നയാളുടെ പേരിലും, കുമ്പാരത്തോട് എന്ന സ്ഥലത്ത് സമയപരിധി കഴിഞ്ഞും കട തുറന്ന് പ്രവർത്തിപ്പിച്ചതിന് മുഹമ്മദ് കുഞ്ഞി, കുമ്പറത്തോട് എന്നയാളുടെ പേരിലും ഇന്ത്യൻ ശിക്ഷാ നിയമവും, കേരള പോലീസ് നിയമ പ്രകാരവും ബേഡകം സർക്കിൾ ഇൻസ്പെക്ടർ ടി.ഉത്തംദാസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അബ്ബാസിന്‍റെ മോട്ടോർ സൈക്കിൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിൽ ലോക് ഡൗണുമായി ബന്ധപ്പെട്ട് എസ്.ഐ മാരായ സജു തോമസ്, സെബാസ്റ്റ്യൻ, രാമചന്ദ്രൻ, വേലായുധൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് പട്രോളിങ്ങ് നടന്നുവരുന്നതായും സർക്കാർ ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ബേഡകം സി.ഐ ടി.ഉത്തംദാസ് അറിയിച്ചു.
