
കാസർകോട്: നാടക കലയുടെ കളിത്തോഴൻ വിജയൻ പനയാൽ (56) അരങ്ങൊഴിഞ്ഞത് നാടിനും നാട്ടുകാർക്കും കണ്ണീരിൽ കുതിർന്ന വേർപാടായി. അസുഖത്തെ തുടർന്ന് ജൂൺ 16ന് വൈകുന്നേരമാണ് അന്ത്യം. മൗവ്വലിലെ ഒരു വാടക വീട്ടിലും, പിന്നെ കോട്ടപ്പാറയിലെ ഒരു തുണ്ട് ഭൂമിയിൽ പണിത ചെറിയൊരു കൂരയിലും ജീവിതം. പലപ്പോഴും പാതിരാത്രിവരെ നീണ്ട നാടക ചർച്ചകളും, എഴുത്തും. പകൽ കൂലി പണിക്കും പോകും.
വർഷങ്ങൾക്ക് മുമ്പ് ജ്വാല കരുവാക്കോടിന്‍റെ ‘വായില്ലാകുന്നിലപ്പൻ’ നാടകം അരങ്ങിലെത്തിക്കാൻ അദ്ദേഹം ഏറെ പ്രയത്നിച്ചു.
നാട്ടുമ്പുറത്തെ സാധാരണക്കാർ അഭിനയിച്ച നാടകം അരങ്ങിൽ നിറഞ്ഞാടിയപ്പോൾ അദ്ദേഹത്തിന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി. ജ്വാലക്ക് വേണ്ടി രാവുണ്ണി നാടകവും സംവിധാനം ചെയ്തിരുന്നു. ഇന്ന് നല്ലൊരു നാടക സംഘമായി മാറിയ ജ്വാല കരുവാക്കോടിന്‍റെ ആദ്യ നാടകം സംവിധാനം ചെയ്ത് നാടക സംസ്കാരം വളർത്തിയെടുക്കാൻ പ്രചോദനം നൽകിയത് ഒരു തലമുറ ഇന്നും സ്മരിക്കുന്നു.

1983 വർഷം മുതൽ നിരവധി കുട്ടികളുടെ നാടകങ്ങൾ സംവിധാനം ചെയ്തു. കുട്ടികളുടെ നാടക രംഗത്ത് തന്റേതായ പ്രവർത്തനങ്ങൾ നടത്തിയ സംവിധായകൻ. ഭാര്യ ഓമനാ വിജയൻ നാടകനടിയാണ്. ഓമന അഭിനയിച്ച ‘ഒരു പുലർക്കാലത്തിനായി’ എന്ന നാടകത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചതും വിജയനായിരുന്നു.
തറവാട്ട് മുറ്റങ്ങളിൽ തെയ്യങ്ങളുടെ അരികുചേർന്ന് വിശ്വാസികൾക്ക് തുണയായി നടന്നു. പൊട്ടൻ തെയ്യത്തിന്‍റെയും ഗുളികന്‍റെയും മുഖങ്ങൾ പാളകളിൽ വരച്ച് വിസ്മയ കാഴ്ച്ചകൾ ഒരുക്കുമായിരുന്നു. നല്ലൊരു ചിത്രകാരൻ കൂടിയായ അദ്ദേഹം ചെണ്ടയിലും ഇലത്താളത്തിലും കൊട്ടിക്കേറി തെയ്യക്കാലത്ത് നിറഞ്ഞു നിന്നു. താളം പിടിക്കാൻ ഇനി ആ കൈകൾ ഇല്ലായെന്നത് ഒരു നൊമ്പരം തന്നെയാണ്. അദ്ദേഹം ഒരുപാട് ടെലിഫിലിമുകളിൽ അഭിനയിച്ചിരുന്നു.
കഴിവുകളുണ്ടായിട്ടും അർഹതപ്പെട്ട അംഗീകാരങ്ങളോ ബഹുമതികളോ ഈ കലാകാരനെ ഇനിയും തേടിയെത്തിയിട്ടില്ല. പരേതനായ കളിങ്ങോത്ത് കൃഷ്ണൻ പണിക്കരുടെയും, ചെറിയയുടെയും മകനാണ്. ഭാര്യ ഓമനാ വിജയൻ. ഏകമകൻ സൂര്യൻ. അമ്മിണിയൻ, രാമൻ മാസ്റ്റർ, കുമാരൻ പണിക്കർ, ബാബു പനയാൽ, ശശി പനയാൽ എന്നിവർ സഹോദരങ്ങളാണ്.
