
തന്‍റെ പേര് ഉപയോഗിച്ച് പാർട്ടി രൂപീകരിക്കുന്നതും യോഗം ചേരുന്നതും അടക്കമുള്ള കാര്യങ്ങൾ തടയണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ വിജയ് നിയമനടപടി സ്വീകരിച്ചതിൽ പ്രതികരണവുമായി പിതാവ് എസ്. എ ചന്ദ്രശേഖർ.

”പ്രശ്നങ്ങളില്ലാത്ത കുടുംബങ്ങളില്ലെന്നായിരുന്നു ചന്ദ്രശേഖറിന്‍റെ പ്രതികരണം. എല്ലാ കുടുംബത്തിലും അച്ഛൻമാരും മക്കളും തമ്മിൽ പ്രശ്നമുണ്ടാകാറുണ്ട്. കുറച്ച് കഴിഞ്ഞാൽ എല്ലാം പരിഹരിക്കും. ഞങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ച് പറഞ്ഞ് ചില യൂട്യൂബ് ചാനലുകൾ വരുമാനം ഉണ്ടാക്കുന്നുണ്ട്. സാരമില്ല, എന്‍റെ മകന്‍റെ പേരിൽ അവർക്ക് കാഴ്ചക്കാരെ കിട്ടുകയാണല്ലോ. അതിൽ സന്തോഷമുണ്ട്”- ചന്ദ്രശേഖർ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
തന്‍റെ പേര് ഉപയോഗിച്ച് പാർട്ടി രൂപീകരിക്കുന്നതിൽ നിന്നും യോഗം ചേരുന്നത് അടക്കമുള്ള കാര്യങ്ങളിൽനിന്നും മാതാപിതാക്കൾ അടക്കമുള്ളവരെ തടയണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.അച്ഛൻ എസ്.എ. ചന്ദ്രശേഖർ, അമ്മ ശോഭ ശേഖർ, ആരാധക സംഘടനയിൽ ഉണ്ടായിരുന്ന എക്സിക്യൂട്ടീവ് മെമ്പർമാർ, എന്നിവരടക്കം 11 പേർക്കെതിരെയാണ് വിജയ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് മദ്രാസ് ഹൈക്കോടതി സെപ്റ്റംബർ 27 ലേക്ക് മാറ്റി.
