
വെള്ളരിക്കുണ്ട് / കാസർകോട്: സബ് ആർ.ടി.ഒ ഓഫിസിൽ കാസർകോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. കൈക്കൂലി നൽകാൻ ഏജണ്ടുമാർ ക്യൂ നിൽക്കുന്ന അപൂർവ കാഴ്‌ചയാണ് വെള്ളരിക്കുണ്ട് സബ് ആർ.ടി.ഒ ഓഫിസിൽ കാണാൻ കഴിഞ്ഞതെന്ന് വിജിലൻസ് സംഘം വ്യക്തമാക്കി. ഈ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറിൽ നിന്ന് അനധികൃതമായി കൈവശം വെച്ച 7130/- രൂപയും അദ്ദേഹത്തിൻ്റെ ക്യാബിനിൽ കൈക്കൂലി നൽകാൻ പോയ ആറ് ഏജണ്ടുമാരിൽ നിന്നും 45140/- രൂപയും പിടിച്ചെടുത്തു.

വെള്ളിയാഴ്‌ച നടന്ന ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുത്തവരെ വിജയിപ്പിച്ചതിന് കൈക്കൂലി നൽകാൻ പോയതാണ് ഏജണ്ടുമാരെല്ലാം. 70 ഓളം ആളുകളാണ് ടെസ്റ്റിന് ഹാജരായത്. എല്ലാവരും വിവിധ ഡ്രൈവിംഗ് സ്‌കൂളുകാരുടെ ആളുകളായാണ് വരുന്നത്. നേരിട്ട് ഹാജരായാൽ പല കാരണങ്ങൾ പറഞ്ഞും ടെസ്റ്റ് തോൽപ്പിക്കുന്നത് കൊണ്ട് ടെസ്റ്റിന് ഡ്രൈവിംഗ് സ്‌കൂളുകാരുടെ ആളുകളായി മാത്രമെ ഹാജരാക്കുന്നുള്ളൂ.
ഓരോ ആളിൽ നിന്നും 500/- രൂപ വീതം പിരിച്ച് കൈക്കൂലി നൽകുന്നു. കൂടാതെ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതും ഗ്രൗണ്ടിൽ വെച്ച് വാഹനങ്ങൾ പരിശോധിച്ചാണ്.

ഇതിൻ്റെയൊക്കെ കൈക്കൂലി നൽകുന്നതിനാണ് പണവുമായി ഏജണ്ടുമാർ ഓഫിസിലെത്തിയത് വിജിലൻസ് ടീം രാവിലെ ടെസ്റ്റ് ഗ്രൗണ്ട് മുതൽ രഹസ്യമായി പിന്തുടർന്നാണ് ഓഫിസിൽ വെച്ച് പിടികൂടിയത്.
വിജിലൻസ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിൻ്റെ നേതൃത്വത്തിൽ അസി. സബ് ഇൻസ്പെക്ടർ വി.ടി സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.കെ രഞ്ജിത് കുമാർ, സിവിൽ പോലീസ് ഓഫീസർ കെ.പ്രമോദ് കുമാർ, ടി.വി രതീഷ്, ജില്ലാ പ്ലാനിംഗ് ഓഫിസിലെ അസിസ്റ്റണ്ട് ടൗൺ പ്ലാനർ പി.വി ബൈജു എന്നിവരുമുണ്ടായിരുന്നു.
