ഓടിക്കാനറിയാം നിയമങ്ങളറിയില്ല; ഡ്രൈവിംഗ് സ്‌കൂളുകളിൽ വിജിലൻസ് മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ, പരിശോധന നടത്താതെ വഴിവിട്ട് സഹായിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ

You are currently viewing ഓടിക്കാനറിയാം നിയമങ്ങളറിയില്ല; ഡ്രൈവിംഗ് സ്‌കൂളുകളിൽ വിജിലൻസ് മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ, പരിശോധന നടത്താതെ വഴിവിട്ട് സഹായിച്ച് മോട്ടോർ വാഹന വകുപ്പ്  ഉദ്യോഗസ്ഥർ

വാർത്തകൾ സ്ഥിരമായി ലഭിക്കാൻ: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX

പീതാംബരൻ കുറ്റിക്കോൽ

കാസർകോട്: ജില്ലയിലെ പ്രധാന ഡ്രൈവിംഗ് സ്‌കൂളുകളിലും ടെസ്റ്റ് ഗ്രൗണ്ടുകളിലും വിജിലൻസ് സംഘത്തിൻ്റെ മിന്നൽ പരിശോധന. കാഞ്ഞങ്ങാട് ഗുരുവനം ഗ്രൗണ്ടിൽ മാത്രമാണ് ചൊവാഴ്‌ച ടെസ്റ്റ് ഉണ്ടായിരുന്നത്. ടെസ്റ്റ് നടക്കുന്ന സമയം മുഴുവൻ സമയവും ക്യാമറയിൽ പകർത്തി സി.ഡി ആയി സൂക്ഷിക്കണം എന്നാണ് നിലവിലുള്ള വ്യവസ്ഥ എന്നാൽ ടെസ്റ്റ് നടന്ന ഗുരുവനത്ത് വീഡിയോ റെക്കാർഡിംഗ് ഉണ്ടായിരുന്നില്ല. മറ്റു രണ്ട് സ്ഥലങ്ങളിലും വീഡിയോ റെക്കാർഡിംഗ് ചെയ്യാറില്ലായെന്നും വിജിലൻസ് ആന്റ് ആന്റി കറപ്‌ഷൻ ബ്യുറോ സംഘം കണ്ടെത്തി.

കാഞ്ഞങ്ങാട്, കാസർകോട്, വെള്ളരിക്കുണ്ട് ആർ.ടി.ഒ പരിധിയിലുള്ള ഡ്രൈവിംഗ് സ്‌കൂളുകളിലാണ് പരിശോധന നടത്തിയത്. ഡ്രൈവിംഗ് സ്‌കൂൾ നടത്തിപ്പുകാർ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ സ്‌കൂളുകളിൽ നടപ്പിലാക്കുന്നില്ലെന്ന് പരിശോധനയിൽ വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

ലൈസൻസിന് അപേക്ഷിക്കുമ്പോൾ ചെയ്യുന്ന കാര്യങ്ങളൊന്നും തടർന്ന് പാലിക്കാറില്ലെന്നും രജിസ്റ്ററുകളും രേഖകളും കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും വിജിലൻസ് കണ്ടെത്തി.

ഡ്രൈവിംഗ് പരിശീലനത്തിൻ്റെ ഭാഗമായി ലൈസൻസിലുള്ള ഇൻസ്ട്രക്ടർ സിഗ്നൽ, വാഹനങ്ങളുടെ യന്ത്രഭാഗം തുടങ്ങി വിഷയങ്ങളിൽ തിയറി ക്ലാസുകൾ നൽകേണ്ടതുണ്ട്. അതിന് പ്രത്യേകം ക്ലാസ് മുറിയും ആവശ്യമാണ്. ചില സ്‌കൂളുകളിൽ ഇത്തരം ക്ലാസ്സ് മുറികൾ ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തി.

ചിലയിടങ്ങളിൽ കാലങ്ങളായി ഇത്തരം കേന്ദ്രങ്ങൾ തുറക്കാറില്ല. ഇൻസ്ട്രക്ടർമാർ വരാറില്ലെന്നും കണ്ടെത്തി. ഇതിൻ്റെ ഫലം ഓടിക്കാനറിയാം നിയമങ്ങളറിയില്ല എന്നതാണ്. കൃത്യമായി പരിശീലനം നൽകാത്തത് പലപ്പോഴും അപകടങ്ങൾ വിളിച്ച് വരുത്തുന്നതിന് വഴിവെക്കുന്നു. നിയമപ്രകാരം വേണ്ട കാര്യങ്ങൾ ഒന്നും ചെയ്യാതെയാണ് പല സ്‌കൂളുകളും പ്രവർത്തിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് സ്‌കൂളുകൾ പരിശോധിക്കേണ്ടത്. എന്നാൽ ഒരു പരിശോധനയും നടത്തുന്നില്ലെന്നും ചില ഡ്രൈവിംഗ് സ്‌കൂളുകളുമായി ആർ.ടി.ഒ ഉദ്യോഗസ്ഥർമാർക്ക് വഴിവിട്ട ബന്ധം ഉള്ളതായും സൂചനകൾ ലഭിച്ചു.

സ്‌കൂളുകളിൽ സമയ ക്രമമനുസരിച്ച് ആർ.ടി.ഒ പരിശോധന ഉണ്ടെങ്കിൽ കാര്യങ്ങൾ കൃത്യമായി നടപ്പിലാകും. ഡ്രൈവിംഗ് പരിശീലനത്തിനും ലൈസൻസ് ശരിപ്പെടുത്തി കൊടുക്കുന്നതിനുമാണ് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ അപേക്ഷകരിൽ നിന്നും ഫീസ് ഈടാക്കുന്നത്. ഓരോ സ്‌കൂളും തോന്നിയ പോലെയാണ് പ്രവർത്തിക്കുന്നത്. ഫീസ് നിരക്കിൽ ഏകീകരണമില്ല. ഫീസിന് രസീത് നൽകാറുമില്ലെന്നും വിജിലൻസ് കണ്ടെത്തി.

സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിലും ഡ്രൈവിംഗ് സ്‌കൂളുകളിലും വിജിലൻസ് നടത്തിയ പരിശോധനയുടെ ഭാഗമായാണ് കാസർകോട്ടും നടന്നത്. കാഞ്ഞങ്ങാട് വിജിലൻസ് ഡി.വൈ.എസ്.പി വി.കെ വിശ്വംഭരൻ നായരും കാസർകോട് ഇൻസ്പെക്ടർ കെ.സുനുമോനും വെള്ളരികുണ്ട് ഇൻസ്പെക്ടർ പി.സുനിൽ കുമാറും പരിശോധനക്ക് നേതൃത്വം നൽകി.

0Shares