വി.എച്ച്.പി ജില്ലാ പ്രസിഡണ്ട് സി.പി.എമ്മിലേക്ക്; വർഗീയ കലാപങ്ങളുടെ ശവപ്പറമ്പായി ഇന്ത്യ മാറുമെന്ന് വാദം, കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന സെന്‍ട്രല്‍ ഗവണ്‍മെണ്ട് കൗണ്‍സല്‍, തപസ്യ പ്രസിഡണ്ട് സ്ഥാനങ്ങൾ രാജി വെച്ചു

  • Post category:Kerala / national / news
  • Reading time:1 min read
You are currently viewing വി.എച്ച്.പി ജില്ലാ പ്രസിഡണ്ട് സി.പി.എമ്മിലേക്ക്; വർഗീയ കലാപങ്ങളുടെ ശവപ്പറമ്പായി ഇന്ത്യ മാറുമെന്ന് വാദം, കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന സെന്‍ട്രല്‍ ഗവണ്‍മെണ്ട് കൗണ്‍സല്‍, തപസ്യ പ്രസിഡണ്ട് സ്ഥാനങ്ങൾ രാജി വെച്ചു

കൊച്ചി: വിശ്വഹിന്ദു പരിഷത്ത് നേതാവ് സുഭാഷ് ചന്ദ് സി.പി.എമ്മിലേക്ക്. വിഎച്ച്പി എറണാകുളം ജില്ലാ പ്രസിഡണ്ടായിരുന്ന അദ്ദേഹം പദവി രാജിവെച്ചു. കേരള ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന സെന്‍ട്രല്‍ ഗവണ്‍മെണ്ട് കൗണ്‍സല്‍, തപസ്യ തൃപ്പൂണിത്തുറ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങളില്‍ നിന്നും രാജിവച്ചിട്ടുണ്ട്.

”സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ആശയപരമായി വിയോജിപ്പുണ്ട്. മതേതര ശക്തികളുടെ ശാക്തീകരണം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് രാജി”- സുഭാഷ് ചന്ദ് പറഞ്ഞു. വികസന പദ്ധതികള്‍ ചങ്കൂറ്റത്തോടെ നടപ്പാക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സുഭാഷ് ചന്ദ് വ്യക്തമാക്കി.

”മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നാണ്. വര്‍ഗീയത വളരുന്തോറും മതേതരത്വം തളരുകയാണ്. ഇങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയില്‍ സമാധാന ജീവിതം ഇല്ലാതെയാകും. വര്‍ഗീയ കലാപങ്ങളുടെ ശവപറമ്പായി ഇന്ത്യ മാറും. അത് ഒഴിവാക്കേണ്ടത് ഓരോ പൗരൻ്റെയും അടിസ്ഥാന കടമയാണ്. ഭരണഘടനയുടെ 21ാം അനുച്ഛേദ പ്രകാരം നിയമാധിഷ്ഠിതമായ ഒരു നടപടിക്രമത്തിലൂടെ അല്ലാതെ ഏതൊരു വ്യക്തിക്കും ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യത്തിനുള്ള അവകാശവും നിഷേധിക്കാന്‍ പാടില്ല.

മതേതരത്വത്തിനായി വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന അതോടൊപ്പം തന്നെ സാധാരണക്കാരുടെ വ്യക്തിജീവിത പുരോഗതിക്കായി വികസന പദ്ധതികള്‍ ചങ്കൂറ്റത്തോടെ നടപ്പാക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ഞാന്‍ തീരുമാനിക്കുന്നു”- സുഭാഷ് ചന്ദ് പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കി. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ആശയപരമായി വിയോജിപ്പുള്ളതിനാല്‍ എല്ലാ പദവികളും രാജിവെച്ചുവെന്നും മതേതര ശക്തികളുടെ ശാക്തീകരണം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് രാജി സമര്‍പ്പിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

0Shares