കൊലയ്ക്ക് കൊടുക്കുന്ന ബസ് യാത്രകൾ; അനുമതി ഇല്ലാത്ത വാഹനങ്ങൾക്ക് പൂട്ടിടാൻ മോട്ടോർ വാഹന വിഭാഗം, അപകടത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഗതാഗത കമ്മീഷണർ

You are currently viewing കൊലയ്ക്ക് കൊടുക്കുന്ന ബസ് യാത്രകൾ; അനുമതി ഇല്ലാത്ത വാഹനങ്ങൾക്ക് പൂട്ടിടാൻ മോട്ടോർ വാഹന വിഭാഗം, അപകടത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഗതാഗത കമ്മീഷണർ

പീതാംബരൻ കുറ്റിക്കോൽ

കാസർകോട് / കൊച്ചി / തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും വാഹന പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. പാലക്കാട് വടക്കഞ്ചേരി സ്‌കൂൾ വിനോദ യാത്രാ ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ആണ് നടപടികൾ. വാഹനാപകട ദുരന്തത്തിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഗതാഗത കമ്മീഷണർ എസ്.ശ്രീജിത്ത് ഹൈക്കോടതിയെ ബോധിപ്പിച്ചു.

കാസർകോട് ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ കർശനമാക്കി. വെള്ളിയാഴ്‌ച പരിശോധിച്ച ആറ് ടൂറിസ്റ്റ് ബസുകളിൽ ഒരെണ്ണത്തിന് വേഗപ്പൂട്ട് ഇല്ലാത്തതിനാൽ നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും രാത്രി കാലങ്ങളിലും മിന്നൽ പരിശോധനകൾ തുടരുമെന്ന് കാസർകോട് റോഡ് ട്രാൻസ്‌പോർട് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ ഡേവിസ് എം.ടി ചാനൽ ആർ.ബിയോട് പറഞ്ഞു.

1. കാസർകോട് ആർ.ടി എൻഫോഴ്‌സ്‌മെൻറ് റെയ്‌ഡ്‌ 2. നിയമ ലംഘനത്തിൽ പെട്ട ഒരു ടൂറിസ്റ്റ് ബസ്

വാഹങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ലേസര്‍ ലൈറ്റുകൾ, കാത് തുളയ്ക്കുന്ന എയർ ഹോൺ, ശബ്ദ സംവിധാനവും പുകപുറത്ത് വിടുന്ന ഉപകരണങ്ങളും മറ്റും പിടിപ്പിക്കുക, വേഗപ്പൂട്ടുകൾ, സ്‌പീഡോ മീറ്റർ വിച്ഛേദിക്കൽ, നിയമാനുസൃതമല്ലാതെ സ്റ്റിക്കർ പതിപ്പിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾ നടത്തുന്ന ബസുടമകൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൊല്ലത്തും എറണാകുളത്തും കോട്ടയത്തും വിനോദയാത്രക്ക് പോകാനിരുന്ന ബസുകൾ തടഞ്ഞു. ബസുകൾ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് എം.വി.ഡി വിലക്കിയത്. എറണാകുളം അങ്കമാലി സെന്‍റ്. പാട്രിക് സ്‌കൂളിലെ വിനോദയാത്ര മോട്ടോർ വാഹന വകുപ്പിൻ്റെ അനുമതി ഇല്ലാത്തതിനാല്‍ മാറ്റിവച്ചു. 17 ടൂറിസ്റ്റ് ബസുകളിലായാണ് വിനോദയാത്ര പോകാനിരുന്നത്.

പരിശോധനയിൽ ചില ബസുകൾ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോട്ടോർ വാഹന വകുപ്പ് യാത്രയ്ക്ക് അനുമതി നിഷേധിച്ചത്. എറണാകുളം കാക്കനാട് 20 ബസുകൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു.

1. Driver Jomon’s Dance 2. Girls on Goa trip from Kerala change bus gears, Driver M.Shaji from Wayanad

കൊല്ലം കൊട്ടാരക്കരയിൽ നിയമം ലംഘനം നടത്തിയ ടൂറിസ്റ്റ് ബസിൽ വിനോദയാത്ര പോകാനുള്ള നീക്കമാണ് മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞത്. തലച്ചിറയിലെ സ്വകാര്യ പോളിടെക്‌നിക്ക് കോളേജില്‍ നിന്നും വിനോദയാത്ര പോകാനിരിക്കെയാണ് മോട്ടോർ വാഹന വകുപ്പ് കോളജിലെത്തി പരിശോധന നടത്തി വിലക്കേർപ്പെടുത്തിയത്. വാഹനത്തിന് സ്‌പീഡോ മീറ്റർ ഘടിപ്പിപ്പിച്ചിരുന്നിലെന്ന് പരിശോധനയില്‍ കണ്ടെത്തി. മാത്രമല്ല നിരോധിച്ചിട്ടുള്ള ലേസര്‍ ലൈറ്റുകളും വലിയ ശബ്ദ സംവിധാനവും പുകപുറത്ത് വിടുന്ന ഉപകരണങ്ങളും കണ്ടെത്തി.

കോട്ടയത്ത് ചിങ്ങവനത്തെ സ്വകാര്യ സ്‌കൂളിൽ നിന്ന് വിനോദ യാത്രയ്ക്ക് എത്തിച്ച അഞ്ചു ബസുകളാണ് എം.വി.ഡി വിലക്കിയത്. പരിശോധനയില്‍ ബസുകളില്‍ എയര്‍ ഹോണും ലേസര്‍ ലൈറ്റുകളും പിടിപ്പിച്ചിരുന്നതായും വേഗപ്പൂട്ടുകള്‍ വിച്ഛേദിച്ച നിലയിലും കണ്ടെത്തി. തുടർന്ന് ബസുകൾക്ക് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. ഊട്ടി, വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വിദ്യാർഥികളുമായി യാത്ര പോകാൻ എത്തിയതായിരുന്നു ബസുകള്‍.

Students burst crackers on roof of tourist bus

കണ്ണൂരും കോഴിക്കോടും തൃശൂരും ഉൾപ്പെടെയുള്ള ജില്ലകളിൽ വ്യാപക റൈഡ് നടന്നു വരികയാണ്. സംസ്ഥാനത്ത് ആറുമാസമായി സ്വകാര്യ ടൂറിസ്ററ് ബസുടമകൾക്ക് നോട്ടീസ് നൽകുകയും കർശന പ്രത്യേക വാഹന പരിശോധന (സ്പെഷ്യൽ ഡ്രൈവ്) നടത്തി വരികയാണ്. നിയമ ലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്തിയാലും ചിലർ അടക്കാറില്ലെന്നാണ് ഉദോഗസ്ഥർ പറയുന്നത്. റോഡിൽ വാഹനമിറക്കുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് റോഡുനിയമങ്ങൾ പാലിക്കുക എന്നത് എം.വി.ഡിയുടെ മാത്രം ഉത്തരവാദിത്വമല്ല.

പിഴ അടച്ചാലും നിയമലംഘനം പഴയപടി തുടരുന്നതായും വിവരങ്ങളുണ്ട്. അതിനിടെ കാസർകോട് ജില്ലയിലെ ബസുടമകളുടെ സംഘടനാ നേതാക്കൾ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും സമ്മർദ്ദത്തിലാക്കാനും തുടങ്ങിയതായും പറയപ്പെടുന്നുണ്ട്. വർധിച്ച വാഹന നികുതിയും ഇന്ധന വിലയും കോവിഡ് കാലത്തെ നഷ്ടക്കണക്കുകളും പറഞ്ഞാണ് ബസുടമകളുടെ സംഘടനാ നേതാക്കൾ ഉദ്യോഗസ്ഥരെ മയപ്പെടുത്തുന്നത്.

0Shares