
കാസര്‍കോട്: വാഹന നികുതി നാല് വര്‍ഷമോ അതില്‍ കൂടുതലോ അടയ്ക്കാതെ വീഴ്ച വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കുടിശ്ശിക അടയ്ക്കാം. 2020 മാര്‍ച്ച് 31 വരെ നാല് വര്‍ഷമോ അതില്‍ കൂടുതലോ കാലയളവില്‍ നികുതി കുടിശ്ശികയുള്ളവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പദ്ധതി പ്രകാരം സ്വകാര്യവാഹനങ്ങള്‍ക്ക് നികുതിയും, അധികനികുതിയും, പലിശയും ഉള്‍പ്പെടെയുള്ള തുകയുടെ 60 ശതമാനം വരെ ലാഭിക്കാം.
പൊതുകാര്യ വാഹനങ്ങള്‍ക്ക് 70 ശതമാനം വരെ ലാഭിക്കാം. തുടര്‍ന്ന് നിയമ നടപടി ഒഴിവാക്കി രജിസ്റ്റര്‍ നമ്പര്‍ ക്യാന്‍സല്‍ ചെയ്യാം. ഈ അവസരം ഡിസംബര്‍ 31 വരെ മാത്രമേ ലഭിക്കൂ. വാഹനം നിലവില്‍ ഇല്ല എന്നുള്ള സത്യവാങ്മൂലം 100 രൂപ മുദ്രപത്രത്തില്‍ ഉടമയോ, അനന്തരാവകാശിയോ, കാസര്‍കോട് ആര്‍.ടി.ഓഫീസിലോ, കാഞ്ഞങ്ങാട് സബ് ആര്‍.ടി.ഓഫീസിലോ, വെള്ളരിക്കുണ്ട് സബ് ആര്‍.ടി.ഓഫീസിലോ നല്‍കി നിശ്ചിത നികുതി അടച്ച് റവന്യൂ റിക്കവറി നടപടികളില്‍ നിന്നും ഒഴിവാകാം.

കൈമാറ്റപ്പെട്ട വാഹനം എവിടെയുണ്ടെന്ന് അറിയാത്തവര്‍ക്കും, നികുതി കുടിശ്ശികയ്ക്ക് നോട്ടീസ് ലഭിച്ചവര്‍ക്കും ആര്‍.സി. ബുക്ക് സറണ്ടര്‍ ചെയ്യാതെ വാഹനം പൊളിച്ചവര്‍ക്കും അസല്‍ ആര്‍.സി. ഇല്ലാത്തതിനാല്‍ ആര്‍.സി. ക്യാന്‍സല്‍ ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്കും ക്ഷേമനിധി കുടിശ്ശികയുള്ളവര്‍, ഉടമ മരണപ്പെട്ട് മരണാനന്തരം കൈമാറ്റം നടത്താന്‍ കഴിയാതിരുന്നവര്‍, പെര്‍മിറ്റ് സറണ്ടര്‍ ചെയ്ത് കാര്‍ നിരക്കില്‍ നികുതി ഒടുക്കിയിരുന്ന ബസ് ഉടമകള്‍, വാങ്ങിയ ആള്‍ പേര് മാറ്റിയെടുക്കാതിരുന്നതിനാല്‍ നികുതി കുടിശ്ശികയുടെ ബാധ്യതയും മറ്റ് നിയമ തടസ്സമുള്ളവര്‍, നികുതി ഒടുക്കാന്‍ കഴിയാതെ രജിസ്‌ട്രേഷന്‍ നമ്പറും, ഉടമസ്ഥാവകാശവും നിയമപരമായി നീക്കി കിട്ടാനുള്ളവരും, ജി-ഫോം അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ എന്നിവര്‍ക്കും നികുതി ബാധ്യതയില്‍ നിന്നും ഭാവിയില്‍ ഉണ്ടാവാന്‍ ഇടയുള്ള നിയമപരമായ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിവാകാനുള്ള അവസരം കൂടിയാണിത്.
ഡിസംബര്‍ 31 വരെ എല്ലാ പ്രവൃത്തിദിനങ്ങളിലും ഉച്ച ഒന്ന് വരെ സത്യവാങ്മൂലം നല്‍കി നികുതി ഒടുക്കാം. ഫോണ്‍ നമ്പര്‍: 04994 255290.
