
കാസർകോട്: 60 വയസ്സ് കഴിഞ്ഞ വിധവകള്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാതെ പെന്‍ഷന്‍ അനുവദിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
60 വയസ്സ് കഴിഞ്ഞ വിധവകള്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ നല്‍കാതെ തടഞ്ഞ് വെച്ചിരിക്കുകയാണ്. കേരള ധനകാര്യ വകുപ്പിൻ്റെ 03.07.2019 സ.ഉ.(എം.എസ്) നം. 251/2019/ധന. ഉത്തരവ് പ്രകാരം 60 വയസ്സും അതിന് മുകളിലും പ്രായമുള്ള ഗുണഭോക്താക്കള്‍ വിവാഹം/പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിന് ഇളവ് അനുവദിച്ചിട്ടുള്ളതാണ്.

എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി പെന്‍ഷന്‍ തടഞ്ഞുവെച്ചത് കാരണം വീണ്ടും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദ്ദേശമാണ് ഗുണഭോക്താക്കള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്നത്. ഇതുമൂലം പ്രായാധിക്യമുള്ള ഗുണഭോക്താക്കള്‍ ഗസറ്റഡ്/വില്ലേജ് ഓഫീസര്‍മാരുടെ മുമ്പാകെ ഹാജരായി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് പ്രയാസം നേരിടുകയാണെന്നും മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ എന്നിവർക്ക് നൽകിയ നിവേദനത്തിൽ നഗരസഭ ചെയർമാൻ പറഞ്ഞു.
