
കൊല്ലം അഞ്ചൽ ഉത്ര വധക്കേസിൽ ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം വിധിച്ച കോടതി വിധിയിൽ തൃപ്തയല്ലെന്ന് ഉത്രയുടെ അമ്മ മണിമേഘല. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നമ്മുടെ സമൂഹം ഇതുപോലുള്ള കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നെന്നും ഉത്രയുടെ അമ്മ പറഞ്ഞു.

‘ഈ ശിക്ഷയിൽ തൃപ്തരല്ല. അപ്പീൽ പോകും. അത് ചെയ്തല്ലേ പറ്റൂ. തീർച്ചയായും തുടർ നടപടിയിലേക്ക് പോകാനാണ് തീരുമാനം. എല്ലാം അതിൻ്റെ വഴിക്ക് നടക്കട്ടെ. ഉത്രയ്ക്ക് നീതി കിട്ടിയില്ല,’ അമ്മ മണിമേഘല പറഞ്ഞു. ഉത്ര വധക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി സൂരജിന് ഇരട്ടജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് വിധിച്ചത്.
കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി നിരീക്ഷിച്ചു. കൊലക്കുറ്റത്തിനും കൊലപാതക ശ്രമത്തിനുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. വിഷ വസ്തു ഉപയോഗിച്ച് ഉപദ്രവിച്ചതിനും തെളിവ് നശിപ്പിച്ചതിനും 10 വർഷവും ഏഴ് വർഷവും തടവ് ശിക്ഷയും വിധിച്ചു. ഈ ശിക്ഷ അനുഭവിച്ച് കഴിഞ്ഞതിന് ശേഷമാണ് ഇരട്ട ജീവപര്യന്തം തുടങ്ങുക. സൂരജിൻ്റെ പ്രായവും ക്രിമിനൽ പശ്ചാത്തലമില്ലെന്നും കണക്കിലെടുത്താണ് വധശിക്ഷ ഒഴിവാക്കിയത്.
