ഗര്‍ഭാശയ മുഴകളെ ഭയക്കേണ്ടതില്ല; കാൻസര്‍ അല്ലാത്ത മുഴകളാണ് ഫൈബ്രോയിഡുകള്‍, ശസ്ത്രക്രിയ ഇല്ലാതെ ചികിത്സിക്കാം

  • Post category:health / Kerala / news
  • Reading time:2 mins read
You are currently viewing ഗര്‍ഭാശയ മുഴകളെ ഭയക്കേണ്ടതില്ല; കാൻസര്‍ അല്ലാത്ത മുഴകളാണ് ഫൈബ്രോയിഡുകള്‍, ശസ്ത്രക്രിയ ഇല്ലാതെ ചികിത്സിക്കാം

സ്ത്രീകളെ ഏറ്റവുമധികം വലക്കുന്ന പ്രശ്നങ്ങളിലൊന്നാണ് ഗര്‍ഭാശയ മുഴകള്‍ (ഫൈബ്രോയ്ഡ്). ക്യാൻസര്‍ പോലെയുള്ള അവസ്ഥകളിലേക്ക് മാറാൻ സാധ്യതയില്ലെങ്കിലും ഫൈബ്രോയിഡുകള്‍ ചികിത്സ വൈകിപ്പിക്കുന്നത് കൊണ്ട് മറ്റു പല ശാരീരിക ബുദ്ധിമുട്ടുകളിലേക്ക് നയിക്കാൻ കാരണമാകാറുണ്ട്.
അതേസമയം മരുന്നുകള്‍, ശസ്ത്രക്രിയകള്‍, ശസ്ത്രക്രിയ ആവശ്യമില്ലാത്ത യുട്രൈൻ ആര്‍ട്ടറി എംബോളൈസേഷൻ (യു.എ.ഇ) തുടങ്ങിയ ചികിത്സകളിലൂടെ ഫൈബ്രോയ്ഡ് ഭേദമാക്കാൻ കഴിയും. ഇതില്‍ യു.എ.ഇയാണ് ഏറ്റവും ശാസ്ത്രീയവും നൂതനവുമായ ചികിത്സ രീതി.അതേകുറിച്ച്‌ ഡോ. പി.കെ മുഹമ്മദ് റഫീഖ് എഴുതുന്നു.

എന്താണ് ഫൈബ്രോയിഡുകള്‍?

ഗര്‍ഭാശയത്തില്‍ വളരുന്ന കാൻസര്‍ അല്ലാത്ത മുഴകളാണ് ഫൈബ്രോയിഡുകള്‍. പയറുമണി വലുപ്പം മുതല്‍ വലിയൊരു നാരങ്ങയുടെ വലുപ്പത്തില്‍ വരെ ഫൈബ്രോയിഡുകള്‍ ഉണ്ടാകാം. എന്തുകൊണ്ടാണ് ഇവ ഉണ്ടാകുന്നതെന്ന് വ്യക്തമല്ലെങ്കിലും സ്ത്രീ ഹോര്‍മോണുകളുമായ ഈസ്ട്രജൻ്റെ ഉത്പാദനവുമായി ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈസ്ട്രജൻ്റെ ഉത്പാദനം പാരമ്യതയില്‍ നില്‍ക്കുന്ന 16നും 50നും ഇടയില്‍ പ്രായമുള്ളവരിലാണ് ഫൈബ്രോയിഡുകള്‍ കൂടുതലായി കണ്ടു വരുന്നത്.

അമിത ഭാരമുള്ള സ്ത്രീകളില്‍ ഫൈബ്രോയിഡുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആര്‍ത്തവ വിരാമത്തിന് ശേഷം ഗര്‍ഭാശയ മുഴകള്‍ ഉണ്ടാകാനുള്ള സാധ്യത കുറഞ്ഞുവരുന്നു. പലതരം ഫൈബ്രോയിഡുകള്‍ വളരാറുണ്ട്. ഇവയെ ഇൻട്രാമ്യൂറല്‍, സബ്സെറോസല്‍, സബ്മ്യൂകോസല്‍, സെര്‍വിക്കല്‍ ഫൈബ്രോയിഡുകള്‍ എന്ന് വേര്‍തിരിക്കാം.

ലക്ഷണങ്ങള്‍?

വിളര്‍ച്ച, ആര്‍ത്തവം ക്രമം തെറ്റുക, കടുത്ത രക്തസ്രാവം, അരക്കെട്ടിൻ്റെ വണ്ണം വര്‍ദ്ധിക്കുക, മാസമുറ രക്തം കട്ടയായി കാണപ്പെടുക, മലബന്ധം, കാല്‍ വേദന, വയറുവേദന, പുറംവേദന, ഇങ്ങനെ സാധാരണ സ്ത്രീകളിലൊക്കെ കാണപ്പെടാവുന്ന സാമാന്യ ലക്ഷണങ്ങള്‍ മാത്രമാണ് ഫൈബ്രോയിഡുകളുടെയും ലക്ഷണം. ഫൈബ്രോയിഡുകള്‍ ഗര്‍ഭപാത്രത്തിനകത്തേക്ക് വളര്‍ന്നാല്‍ ഗര്‍ഭധാരണം തടസപ്പെടുക, ഗര്‍ഭ കാലയളവില്‍ ചിലര്‍ക്ക് മാസം തികയാതെ പ്രസവിക്കുക, ഗര്‍ഭം അലസല്‍, പ്രസവ വൈഷമ്യങ്ങള്‍ എന്നിവ ഉണ്ടാകാം.

ചികിത്സകള്‍

ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കാത്തതും ലക്ഷണങ്ങള്‍ കാണിക്കാത്തതുമായ ചെറിയ ഫൈബ്രോയിഡുകള്‍ക്ക് ചികിത്സ ആവശ്യമില്ല. അതേസമയം ചെറിയ ലക്ഷണങ്ങളാണ് കാണിക്കുന്നതെങ്കില്‍ ഒരു പരിധിവരെ മരുന്നുപയോഗിച്ച്‌ ചികിത്സിക്കാൻ കഴിയും. ഫൈബ്രോയിഡുമായി ബന്ധപ്പെട്ട ഹോര്‍മോണല്‍ മരുന്നുകളും ലഭ്യമാണ്. സ്വന്തം നിലക്ക് മരുന്നുകള്‍ വാങ്ങി ഉപയോഗിക്കാതെ വിദഗ്‌ധ വൈദ്യോപദേശം തേടിയ ശേഷം മാത്രമേ ഇത്തരം ചികിത്സാരീതികള്‍ അവലംബിക്കാവൂ. ശസ്ത്രക്രിയ, ശസ്ത്രക്രിയ രഹിതമായ നൂതന ചികിത്സകള്‍ തുടങ്ങിയവയാണ് മറ്റു മാര്‍ഗങ്ങള്‍ ഹിസ്റ്ററോസ്കോപിക് റിസക്ഷൻ, മയോമെക്ടമി (കീ ഹോള്‍, ലാപ്രോട്ടമി), ഗര്‍ഭപാത്രം തന്നെ നീക്കം ചെയ്യുന്ന ഹിസ്റ്ററിക്ടമി തുടങ്ങിയ ശസ്ത്രക്രിയ രീതികളായിരുന്നു പ്രധാനമായും സ്വീകരിച്ചിരുന്നത്. എന്നാല്‍ ലളിതവും ശാസ്ത്രീയവുമായ ആധുനിക ചികിത്സകള്‍ പ്രചാരത്തിലായതോടെ ശസ്ത്രക്രിയകളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

യുട്രൈൻ ആര്‍ട്ടറി എംബോളൈസേഷൻ

ശസ്ത്രക്രിയ ഇല്ലാതെ ഗര്‍ഭപാത്രത്തിലെ മുഴയുടെ വലുപ്പം കുറക്കുന്നതിനായി ഉപയോഗിക്കുന്ന ഏറ്റവും നൂതന രീതിയാണ് യുട്രൈൻ ആര്‍ട്ടറി എംബോളൈസേഷൻ (യു.എ.ഇ). ആൻജിയോഗ്രാം മാതൃകയില്‍ പിൻഹോള്‍ ഇൻ്റെര്‍വെൻഷൻ വഴിയാണ് ചികിത്സിക്കുന്നത്. അത്യാധുനിക കാത്ത് ലാബില്‍ ത്രീഡി ലൈവ് നാവിഗേഷൻ, പെര്‍ഫ്യൂഷൻ മാപ്പിങ്ങ് എന്നിവയുടെ സഹായത്തോടെയാണ് ചെയ്യുന്നതിനാല്‍ യാതൊരു പാര്‍ശ്വഫലങ്ങളും ഉണ്ടാകില്ല.

അനസ്തേഷ്യ ഇല്ലാതെ രോഗി ഉണര്‍ന്നിരിക്കുന്ന അവസ്ഥയില്‍ തന്നെയാണ് യു.എ.ഇ ചെയ്യുന്നത്. നേരിയ ട്യൂബ് (കത്തീറ്റര്‍) ഉപയോഗിച്ചാണ് ചികിത്സ. കയ്യിലെ റേഡിയല്‍ ധമനിയിലൂടെ കടത്തി വിടുന്ന കത്തീറ്റര്‍ ഉപയോഗിച്ച്‌ ഇമേജിങ് സാങ്കേതികവിദ്യയിലൂടെ മുഴയിലേക്കുള്ള രക്ത ധമനികളിലേക്കും അതിൻ്റെ ശാഖകളിലേക്കും രക്തമെത്തുന്നത് തടയും. ഇതോടെ മുഴ ചുരുങ്ങിപ്പോകുകയും പൂര്‍ണമായി സുഖപെടുകയും ചെയ്യുന്നു. ഇത്തരം ചികിത്സകള്‍ ചെയ്യുന്നതിലൂടെ ഫൈബ്രോയ്ഡുകള്‍ മടങ്ങിവരാനുള്ള സാധ്യതകള്‍ കുറവാണ്.

ഒരേസമയം എത്ര മുഴകള്‍ വേണമെങ്കിലും ചികിത്സിക്കാനാകും എന്നത് ശസ്ത്രക്രിയയെ അപേക്ഷിച്ച്‌ വലിയ നേട്ടമാണ്. ഒരു തരത്തിലുള്ള കീറലും തുന്നലും ഇല്ലാത്തതിനാല്‍ അണുബാധക്ക് സാധ്യതയില്ല. ഇതുവഴി ഗര്‍ഭപാത്രത്തെയും അണ്ഡാശയത്തെയും സുരക്ഷിതമാക്കാനും കഴിയും. ഒട്ടും രക്ത നഷ്ടവുമുണ്ടാകില്ല, പാടുകള്‍ ഉണ്ടാകില്ല, എന്നതും യു.എ.ഇയുടെ പ്രത്യേകതകളാണ്. രോഗിക്ക് ഒരു മണിക്കൂറിനുള്ളില്‍ നടക്കാനും മുന്ന് ദിവസത്തിനുള്ളില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും കഴിയും. പരമാവധി ഒരു ദിവസത്തെ വിശ്രമം മാത്രമേ ആവശ്യമുള്ളൂ.

വിപ്ലവകരമായ ഈ ചികിത്സ രീതി ഏറ്റവും ശാസ്ത്രീയവും താരതമ്യേന ചെലവ് കുറഞ്ഞതുമാണ്. ന്യൂ ഇംഗ്ലണ്ട് ജേണലില്‍ ആധികാരിക പഠനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ ആണ് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും വളരെ വേഗത്തില്‍ ഈ ചികിത്സ വ്യാപിച്ചതും.

0Shares