
കാസര്‍കോട്: അപകടാവസ്ഥയിലായ കാര്യങ്കോട് പാലത്തില്‍ അറ്റകുറ്റപണികള്‍ നടത്തി ബലപ്പെടുത്തുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ദേശീയപാത വികസനത്തിന് ടെണ്ടര്‍ ക്ഷണിച്ച സാഹചര്യത്തില്‍ ദേശീയ പാത അതോറിറ്റി പാലത്തിന്‍റെ അറ്റകുറ്റപണികള്‍ക്ക് തയ്യാറാകുന്നില്ല. എന്നാല്‍ മൂന്നു കോടി രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ട്.

ജില്ലയില്‍ ദേശീയ പാതയില്‍ പ്രധാന പാലങ്ങളിലൊന്നായ കാര്യങ്കോട് പാലത്തിന്‍റെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് യോഗം ഏകകണ്ഠമായി ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം. രാജഗോപാലന്‍ എം. എല്‍. എയാണ് പ്രമേയം അവതരിപ്പിച്ചത്. എം.സി.ഖമറുദ്ദീന്‍ എം എല്‍ എ പ്രമേയത്തെ പിന്തുണച്ചു.
എം. എല്‍ എ മാരായ കെ.കുഞ്ഞിരാമന്‍, എന്‍. എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ. ജി. സി ബഷീര്‍ എന്നിവരും പാലത്തിന്‍റെ അറ്റകുറ്റപണി നടത്തേണ്ടതിന് ദേശീയപാതാവികസനം പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കരുതെന്ന് ചൂണ്ടികാട്ടി. പാലത്തിന്‍റെ ഇരുവശങ്ങളിലും ജാഗ്രത ബോര്‍ഡ് സ്ഥാപിക്കുന്നതിനും തീരുമാനിച്ചു.
