ഇൻഷുറൻസ് ലഭിക്കാൻ 24 മണിക്കൂര്‍ ആശുപത്രിയില്‍ കഴിയണമെന്നത് അവകാശ ലംഘനം: ഉപഭോക്തൃ കമീഷൻ

  • Post category:health / Kerala / news
  • Reading time:1 min read
You are currently viewing ഇൻഷുറൻസ് ലഭിക്കാൻ 24 മണിക്കൂര്‍ ആശുപത്രിയില്‍ കഴിയണമെന്നത് അവകാശ ലംഘനം: ഉപഭോക്തൃ കമീഷൻ

കൊച്ചി: ചികിത്സാ രംഗത്ത് ആധുനിക സാങ്കേതികവിദ്യയും റോബോട്ടിക് സര്‍ജറിയും വ്യാപകമായ കാലഘട്ടത്തില്‍ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ 24 മണിക്കൂര്‍ ആശുപത്രി വാസം വേണമെന്ന ഇൻഷുറൻസ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷൻ.

24 മണിക്കൂര്‍ ആശുപത്രിയില്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ഇൻഷുറൻസ് നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 57,720 രൂപ നല്‍കാൻ കമീഷൻ ഉത്തരവിട്ടു.

എറണാകുളം മരട് സ്വദേശി ജോണ്‍ മില്‍ട്ടണ്‍ തന്‍റെ മാതാവിന്‍റെ ഇടത് കണ്ണിന്‍റെ ശസ്ത്രക്രിയ എറണാകുളത്തെ സ്വകാര്യ ഹോസ്പിറ്റലില്‍ ചെയ്തിരുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു ദിവസം പോലും ആശുപത്രിയിൽ കിടക്കാതെ തന്നെ ശസ്ത്രക്രിയ നടത്തുകയും ഡിസ്ചാര്‍ജ് ആവുകയും ചെയ്തു.

ചികിത്സയ്ക്ക് ചെലവായ തുക ലഭിക്കുന്നതിനു വേണ്ടിയാണ് പരാതിക്കാരൻ യൂണിവേഴ്‌സല്‍ സോംപോ ജനറല്‍ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചത്. എന്നാല്‍ 24 മണിക്കൂര്‍ ആശുപത്രിവാസം ഇല്ലാത്തതിനാല്‍, ഒ.പി ചികിത്സയായി കണക്കാക്കി ഇൻഷുറൻസ് കമ്പനി ക്ലെയിം അപേക്ഷ നിരസിച്ചു. ഇതോടെ പോളിസി ഉടമ ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനെ സമീപിക്കുകയായിരുന്നു.

24 മണിക്കൂര്‍ കിടത്തി ചികിത്സ ആവശ്യമുള്ളതും എന്നാല്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തില്‍ ചികിത്സ അവസാനിക്കുകയും ചെയ്താല്‍ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അര്‍ഹതയുണ്ടാകുമെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. കൂടാതെ മയോപ്പിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രത്യേക ഇഞ്ചക്ഷൻ ഇൻഷുറൻസ് പരിധിയില്‍ ഉള്‍പ്പെടുമെന്ന ഇൻഷൂറൻസ് റെഗുലേറ്ററി അതോററിയുടെ സര്‍ക്കുലറും പരിഗണിച്ചു. പരാതിക്കാരന്‍റെ ആവശ്യം നിലനില്‍ക്കെ മറ്റൊരു പോളിസി ഉടമയ്ക്ക് ഇതേ ക്ലെയിം ഇൻഷുറൻസ് കമ്പനി അനുവദിച്ചതായും കമീഷൻ കണ്ടെത്തി.

ഇൻഷുറൻസ് കമ്പനിയുടെ നടപടികള്‍ പോളിസി ഉടമക്ക് നല്‍കേണ്ട സേവനത്തിന്‍റെ വീഴ്‌ചയാണെന്ന് ബോധ്യമായ കോടതി, ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 57,720 രൂപ 30 ദിവസത്തിനകം നല്‍കാൻ ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിട്ടു.

ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷൻ പ്രസിഡണ്ട് ഡി.ബി. ബിനു, മെമ്പര്‍മാരായ വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്. പരാതിക്കാരന് വേണ്ടി അഡ്വ. റെയിനോള്‍ഡ് ഫെര്‍ണാണ്ടസ് ഹാജരായി.

0Shares