
ടീസ്ത സെതൽവാദിൻ്റെ അറസ്റ്റിൽ യു.എൻ മനുഷ്യാവകാശ കൗൺസിലിനെതിരെ ഇന്ത്യ. യു.എന്നിൻ്റെ പരാമർശങ്ങൾ അംഗീകരിക്കാനാവാത്തതാണെന്നും ഇന്ത്യയുടെ നിയമവ്യവസ്ഥയിൽ യു.എൻ ഇടപെടേണ്ടതില്ലെന്നും ഇന്ത്യ പറഞ്ഞു. ‘ടീസ്ത സെതൽവാദിനും മറ്റ് രണ്ട് വ്യക്തികൾക്കുമെതിരായ നിയമനടപടി സംബന്ധിച്ച് മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഇത്തരം പ്രസ്താവനകൾ തികച്ചും അനാവശ്യവും ഇന്ത്യയുടെ സ്വതന്ത്ര നീതിന്യായ വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റവുമാണ്,’ ഇന്ത്യ പറഞ്ഞു. രാജ്യത്ത് തെറ്റ് ചെയ്യുന്നവർക്കെതിരെ കൃത്യമായ നിയമനിർമാണങ്ങൾ പ്രകാരമാണ് നടപടിയെടുക്കുന്നതെന്നും ഇന്ത്യ പറഞ്ഞു.

‘ഇന്ത്യയിലെ അധികാരികൾ നിയമ ലംഘനങ്ങൾക്കെതിരെ സ്ഥാപിതമായ ജുഡീഷ്യൽ നടപടിക്രമങ്ങൾക്കനുസൃതമായാണ് പ്രവർത്തിക്കുന്നത്. അത്തരം നിയമ നടപടികളെ ആക്ടിവിസത്തിനുവേണ്ടിയുള്ള പീഡനമായി മുദ്രകുത്തുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും സ്വീകരിക്കാനാകില്ല,’ ഇന്ത്യ വ്യക്തമാക്കി. വിദ്വേഷത്തിനും വിവേചനത്തിനുമെതിരായ ശക്തമായ ശബ്ദമാണ് ടീസ്തയുടേതെന്നും മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കുന്നത് ഒരു കുറ്റകൃത്യമല്ലെന്നും യു.എൻ നേരത്തെ പ്രതികരിച്ചിരുന്നു.
യു.എന്നിൻ്റെ സ്‌പെഷ്യൽ റിപ്പോർട്ടർ മേരി ലോവർ ആണ് വിഷയത്തിൽ പ്രതികരിച്ചത്. ‘വിദ്വേഷത്തിനും വിവേചനത്തിനുമെതിരായ ശക്തമായ ശബ്ദമാണ് ടീസ്തയുടേത്. മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കുന്നത് ഒരു കുറ്റകൃത്യമല്ല.
അവരെ വെറുതെവിടാനും ഇന്ത്യയിലെ ഭരണകൂടത്തിൻ്റെ വിചാരണ അവസാനിപ്പിക്കാനും ഞാൻ ആവശ്യപ്പെടുന്നു,’ മേരി ലോവർ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഇവരുടെ പ്രതികരണം. മുംബൈയിലെ ജുഹു പ്രദേശത്തുള്ള വസതിയിൽ നിന്നാണ് ഗുജറാത്ത് പൊലീസിൻ്റെ ആന്റി ടെറർ സ്‌ക്വാഡ് ടീസ്തയെ അറസ്റ്റ് ചെയ്തത്.
