ജമാഅത്തെ ഇസ്ലാമിയുമായി പരസ്യ ബന്ധവും നീക്ക് പോക്കും അണിയറ പ്രവർത്തനവും യു.ഡി.എഫിൽ നടക്കുന്നു: കോടിയേരി

  • Post category:news
  • Reading time:1 min read
You are currently viewing ജമാഅത്തെ ഇസ്ലാമിയുമായി പരസ്യ ബന്ധവും നീക്ക് പോക്കും അണിയറ പ്രവർത്തനവും യു.ഡി.എഫിൽ നടക്കുന്നു: കോടിയേരി

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ മുരളീധരന് ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നെങ്കിൽ എം.പി സ്ഥാനം രാജിവെച്ചല്ലേ മത്സരിക്കേണ്ടതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. ഒരു കാല് ഡൽഹിയിലും ഒരു കാല് തിരുവനന്തപുരത്തും വെച്ചാൽ കാലിന് ഉറപ്പുണ്ടാവുമോയെന്നും കൊടിയേരി ചോദിച്ചു.

നിയമസഭയിലാണോ ലോക്സഭയിലാണോ എന്ന് ഉറപ്പിച്ചിട്ടു മതി പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഇടത് സ്ഥാനാർത്ഥിക്ക് തടിയും വണ്ണവും തൂക്കവും മറ്റുള്ളവരേക്കാൾ കുറവാണെന്നെ ഉള്ളൂ. രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തോടെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നയാളാണ് ശിവൻ കുട്ടി. കോൺഗ്രസ്സിന്‍റെ സ്ഥാനാർത്ഥിക്ക് ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നെങ്കിൽ എം.പി സ്ഥാനം രാജിവെച്ചല്ലേ മത്സരിക്കേണ്ടത്. അങ്ങനയാണെങ്കിൽ അദ്ദേഹത്തെ അംഗീകരിക്കും.

ഇപ്പോ രണ്ട് തോണിയിലല്ലേ കാല്. ഒരു കാല് ഡൽഹിയിലും ഒരു കാല് തിരുവനന്തപുരത്തും വെച്ചാൽ കാലിന് ഉറപ്പുണ്ടാവുമോ’, കോടിയേരി ചോദിച്ചു. കേരളത്തിൽ പൊതുവെ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. എന്നാൽ നേമത്തെ കണക്ക് നോക്കുമ്പോൾ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് പോരാട്ടം. കുന്ദമംഗലത്ത് കോലീബി സഖ്യമാണെന്ന ആരോപണവും കോടിയേരി ഉന്നയിച്ചു.

‘ജമാഅത്തെ ഇസ്ലാമിയുമായി പരസ്യ ബന്ധവും നീക്ക് പോക്കും അണിയറ പ്രവർത്തനവും യു.ഡി.എഫിൽ നടക്കുകയാണ്. ഇടതുമുന്നണിക്ക് തുടർഭരണം ഉറപ്പാകുമെന്ന് കരുതിയപ്പോൾ രാഷ്ട്രീയമായി നടത്തുന്ന പാപ്പരത്വമാണിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇടതുമുന്നണിക്ക് നല്ല ആത്മവിശ്വാസമുണ്ട്. ഇത്തരം കുതന്ത്രങ്ങൾ കൊണ്ടൊന്നും ഇടതിന്‍റെ തുടർ ഭരണം അട്ടിമറിക്കാൻ ആവില്ല . തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നേമം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഇടതു മുന്നണി പ്രവർത്തനം സംഘടിപ്പിക്കുന്നത്’, കോടിയേരി പറഞ്ഞു.

0Shares