
തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ ഇന്ത്യ വിട്ടതായി റിപ്പോർട്ട്. തിരികെ യു.എ.ഇയിലേക്ക് മടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച ഇയാൾ തിരുവനന്തപുരത്തുനിന്നും ഡല്‍ഹിയിലേയ്ക്ക് മടങ്ങിപ്പോയിരുന്നു. അവിടെ നിന്നുമാണ് യു.എ.ഇയിലേക്ക് മടങ്ങിയത്.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അറ്റാഷെ രാജ്യം വിട്ടത്. സ്വപ്നയും സരിത്തും കടത്താൻ ശ്രമിച്ച സ്വർണ്ണമടങ്ങിയ ബാഗ് യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിലായിരുന്നു. ഒപ്പം സ്വപ്നയുടെ കോൾ ലിസ്റ്റിലും അറ്റാഷെയുടെ നമ്പർ ഉണ്ടായിരുന്നു.
അതേസമയം യു.എ.ഇ അറ്റാഷെ ഇന്ത്യ വിട്ടു പോകുന്നത് തടയാനാവില്ലന്ന് കേന്ദ്രം അറിയിച്ചു . അറ്റാഷെ മടങ്ങിപോകുന്ന വിവരം വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കേണ്ട കാര്യം ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി. അതേ സമയം അറ്റാഷെയുമായി കൂടികാഴ്ചക്ക് ഇന്ത്യ രണ്ടാമതും അനുമതി തേടി. അന്വേഷണ ഏജൻസികൾക്ക് സംസാരിക്കുന്നതിനാണ് അനുമതി ചോദിച്ച് വീണ്ടും കത്ത് നൽകിയത്.
