
കാസർകോട്: നിക്ഷേപ തട്ടിപ്പിൽ ചെയർമാനും ഡയറക്ടറും റിമാണ്ടിൽ. കാസർകോട് ജില്ലാ സ്പെഷ്യൽ കോടതിയാണ് 14 ദിവസത്തേക്ക് റിമാണ്ട് ചെയ്‌തത്. ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് (ജി.ബി.ജി) നിധി ലിമിറ്റഡ്, ബിഗ് പ്ലസ് സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറും ഉടമയുമായ കുണ്ടംകുഴി ബിഡിക്കികണ്ടം സ്വദേശി വിനോദ് കുമാർ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗം പെരിയ സ്വദേശി ഗംഗാധരൻ എന്നിവരാണ് ജയിലിലായത്. തിങ്കളാഴ്‌ച രാവിലെയാണ് കാസർകോട്ടെ ഒരു ലോഡ്‌ജിൽ വിനോദ് കുമാറും ഡയറക്ടർ ബോർഡ് അംഗവും ബേഡകം പോലീസിൻ്റെ പിടിയിലായത്. ബേഡകം പോലീസിൽ ചൊവാഴ്‌ച നാല് പരാതികൾ കൂടി ലഭിച്ചു.
കാസർകോട്, കുണ്ടംകുഴിയിലാണ് ജി.ബി.ജി നിധി എന്ന സ്ഥാപനം പ്രവർത്തിച്ചു വന്നത്. നിക്ഷേപത്തിന് 80%ന് മുകളിൽ പലിശ വാഗ്ദാനം ചെയ്താണ് സ്ഥാപനം തട്ടിപ്പ് നടത്തിയത്. ഒരുലക്ഷം രൂപക്ക് പത്തുമാസം കൊണ്ട് എണ്‍പതിനായിരം രൂപ പലിശ വാഗ്ദാനം ചെയ്ത നിക്ഷേപകരിൽ നിന്ന് തട്ടിയത് 400 കോടി രൂപയാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

കൂടുതൽപേർ പരാതിയുമായി എത്തുമെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. നാല് ജില്ലകളിലായി 5500ൽ അധികം നിക്ഷേപകർ ഈ തട്ടിപ്പിന് ഇരയായെന്ന് അന്വേഷണ സംഘം കണ്ടെത്തിയാതായി റിപ്പോർട്ടുണ്ട്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനകം ലഭിച്ച പതിനെട്ട് പരാതികളിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2020ൽ ആരംഭിച്ച സ്ഥാപനം ആദ്യ രണ്ടുവർഷം നിക്ഷേപകർക്ക് കൃത്യമായി തന്നെ പലിശ നൽകിയിരുന്നു. ഇത് സ്ഥാപനത്തിൻ്റെ വിശ്വാസ്യത വർധിപ്പിച്ചു. പുതിയ നിക്ഷേപകരെ കൊണ്ടുവരുന്നവർക്ക് കമ്മീഷനും നൽകിയാണ് കമ്പനി പ്രവർത്തിച്ച് വന്നത്. പിന്നീട് നിക്ഷേപകർക്ക് പണം ലഭിക്കാതായി. അന്വേഷിച്ച് എത്തുന്നവരോട് ഉടൻ തന്നെ നിക്ഷേപകർക്ക് പണം തിരികെ ലഭിക്കും എന്ന ഉറപ്പ് സ്ഥാപനം നൽകിയിരുന്നു. അതിനാൽ ആദ്യഘട്ടത്തിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും ഉയർന്നിരുന്നില്ല. ഒടുവിൽ പരാതി നടപടികളുമായി മുന്നോട്ട് പോകുന്നവർക്ക് സ്ഥാപനത്തിൽ നിന്ന് ഭീഷണികളും ഉണ്ടായി. പണം തിരിച്ച് ലഭിക്കാൻ ഒരു സാധ്യതയുമില്ല എന്ന് ഉറപ്പായതോടെയാണ് നിക്ഷേപകർ പോലീസിൽ പരാതി നൽകിയത്.

നിലവിൽ, കാസർകോടിന് പുറമെ വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ നിക്ഷേപകരും പരാതിയുമായി എത്തിയിട്ടുണ്ട്. നിലവിൽ ഇരുപത് പേരുടെ പരാതിയിലാണ് പൊലീസിൻ്റെ അന്വേഷണം നടക്കുന്നത്. സ്ഥാപനത്തിൻ്റെ ഡയറക്ടർ ബോർഡ് അംഗങ്ങളായ 12 പേരുടെയും അക്കൌണ്ടുകൾ പൊലീസ് മരവിപ്പിച്ചിരുന്നു.
ഇതിൽ എട്ട് അക്കൌണ്ടുകളിലായി 49 കോടി രൂപയുടെ വിനിമയം നടന്നതായും 11.66 കോടി രൂപ ബാക്കിയിരിപ്പും കണ്ടെത്തി. ജി.ബി.ജി കമ്പനിയുടെയും ഡയറക്ടർമാരുടെയും പേരിൽ ആഡംബര വാഹനങ്ങളും കേരള, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭൂമിയും സ്വത്തുവകകളും സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ കണ്ടുകെട്ടുന്നതിനും റിപ്പോർട്ട് നൽകുമെന്നും പോലീസ് പറഞ്ഞു.
കാസർകോടിന് പുറമെ കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നായി അയ്യായിരത്തിലധികം പേർ തട്ടിപ്പിനിരയായെന്നാണ് പൊലീസിൻ്റെ നിഗമനം.
