
കേരള കോൺഗ്രസിന്‍റെ രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന്. ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം കോടതി ശരിവച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ചോദ്യം ചെയ്ത് പി.ജെ ജോസഫ് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി.

ജോസഫ് വിഭാഗത്തിന്‍റെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി അന്ന് തന്നെ ജോസ് വിഭാഗം ചിഹ്നം ഉപയോഗിക്കുന്നത് തടഞ്ഞിരുന്നു. കേസിൽ വാദം കേട്ട ഹൈക്കോടതി, ചിഹ്നം സംബന്ധിച്ച കാര്യങ്ങൾ ജുഡീഷ്യൽ റിവ്യൂവിന് വിധേയമാക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ, വസ്തുതകളും രേഖകളും പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തത്. അതിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ട് പാർട്ടികൾക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ഉപയോഗിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ജോസ് കെ. മാണി പ്രതികരിച്ചു. സത്യവിരുദ്ധ പ്രചാരണത്തിന് എതിരെയുള്ള വിധിയാണിതെന്നും ജോസ് കെ. മാണി പറഞ്ഞു.
