ബഹളം വയ്ക്കാൻ ഇത് ചന്തയല്ലെന്ന് മജിസ്ട്രേട്ടിൻ്റെ പ്രതികരണം; കൂട്ടബലാത്സംഗ കേസിലെ പ്രതിക്ക് രണ്ട് അഭിഭാഷകർ, വക്കാലത്ത് ഇല്ലാതെ ആളൂർ, ഒടുവിൽ ഇറങ്ങിപ്പോയി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ബഹളം വയ്ക്കാൻ ഇത് ചന്തയല്ലെന്ന് മജിസ്ട്രേട്ടിൻ്റെ പ്രതികരണം; കൂട്ടബലാത്സംഗ കേസിലെ പ്രതിക്ക് രണ്ട് അഭിഭാഷകർ, വക്കാലത്ത് ഇല്ലാതെ ആളൂർ, ഒടുവിൽ ഇറങ്ങിപ്പോയി

കൊച്ചി: മോഡലായ 19കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസില്‍ നാല് പ്രതികളെയും നവംബര്‍ 26വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക് സുധാകരന്‍, നിധിന്‍ മേഘനാഥന്‍, സുദീപ്, രാജസ്ഥാന്‍ സ്വദേശി ഡിംപിള്‍ ലാംബ (ഡോളി) എന്നിവരെയാണ് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്. പ്രതികളുടേത് ആസൂത്രിതവും മൃഗീയവുമായ പ്രവൃത്തി ആണെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്.

പരാതിക്കാരിക്ക് മദ്യം വാങ്ങിനല്‍കി അബോധാവസ്ഥയിൽ ആക്കിയാണ് ലൈംഗികമായി പീഡിപ്പിച്ചത്. ഹോട്ടലിന് പുറത്ത് പാര്‍ക്കിങ് ഏരിയയില്‍ വെച്ചും വാഹനത്തില്‍ വെച്ചും ക്രൂരമായ കൂട്ടബലാത്സംഗം നടന്നു. കേസില്‍ ഒന്നുമുതല്‍ മൂന്നുവരെയുള്ള പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ പാസ് വേര്‍ഡ് ലോക്കുള്ളതിനാല്‍ ഇത് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല.

നാലാംപ്രതി ഡിംപിളിൻ്റെ ഫോണും കണ്ടെടുക്കാനുണ്ട്. മറ്റൊരു സംസ്ഥാനത്ത് നിന്നെത്തി ഇവിടെ ഒറ്റയ്ക്ക് താമസിച്ചുവരുന്ന ഡിംപിളിനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് 26 തീയതിവരെ നാലുപ്രതികളെയും കസ്റ്റഡിയില്‍ വിട്ട് ഉത്തരവിട്ടത്.

കോടതിയിൽ നാടകീയ രംഗങ്ങൾ

അതേസമയം, പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിമുറി നാടകീയ രംഗങ്ങള്‍ക്കും വേദിയായി. ഡിംപിളിന് വേണ്ടി രണ്ട് അഭിഭാഷകര്‍ ഹാജരായതാണ് കോടതിമുറിയിലെ തര്‍ക്കത്തിന് കാരണമായത്. അഡ്വ. അഫ്‌സലും അഡ്വ. ബി.എ ആളൂരും ഡിംപിളിന് വേണ്ടി കോടതിയില്‍ എത്തിയിരുന്നു. അഡ്വ. അഫ്‌സലിനെയാണ് ഡിംപിള്‍ വക്കാലത്ത് ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ വക്കാലത്ത് ഇല്ലാതെ അഡ്വ. ആളൂരും കോടതിയില്‍ ഹാജരാവുകയായിരുന്നു.

തുടര്‍ന്ന് അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. അഫ്‌സലിനോട് കോടതിയിൽ മുറിയിൽ നിന്ന് ഇറങ്ങിപ്പോകാൻ ആളൂർ പറഞ്ഞു. ബഹളം വയ്ക്കാൻ ഇത് ചന്തയല്ല എന്നായിരുന്നു മജിസ്ട്രേട്ടിൻ്റെ പ്രതികരണം. താൻ അഫ്‌സലിനെയാണ് വക്കാലത്ത് ഏൽപിച്ചതെന്ന് ഡിംപിൾ വ്യക്തമാക്കിയതോടെ ആളൂരിന് പിൻവാങ്ങേണ്ടി വന്നു.

വ്യാഴാഴ്‌ച അർധരാത്രിയാണ് മോഡൽ കൂട്ട ബലാത്സംഗത്തിന് ഇരയായത്. ബാറിൽ കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റി ബലാത്സംഗം ചെയ്തെന്നാണ് കേസ്. ഡിംപിളിൻ്റെ സുഹൃത്താണ് പീഡനത്തിന് ഇരയായ യുവതി.

0Shares