
കാസർകോട്: മഞ്ചേശ്വരം മിയപദവിൽ സ്‌കൂൾ ബസ് സ്‌കൂട്ടറിൽ ഇടിച്ച് രണ്ടുവിദ്യാർത്ഥികൾ തൽക്ഷണം മരിച്ചു. മിയപദവ് ബജങ്ങള സ്വദേശികളായ സുരേഷിൻ്റെ മകൻ അബി(20), ഹരീഷ് ഷെട്ടിയുടെ മകൻ പ്രതീഷ്(20) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്‌ച രാവിലെ ഏഴര മണിയോടെ മഞ്ചേശ്വരം മിയാപദവിലാണ് അപകടം ഉണ്ടായത്.

മംഗളൂരു ശ്രീദേവി കോളജിലെ വിദ്യാർത്ഥികളാണിവർ. കുന്നിൽ സ്‌കൂളിലെ കുട്ടികളുമായി പോവുകയായിരുന്ന ബസാണ് സ്‌കൂട്ടറിൽ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.
മൂന്നുപേർ സഞ്ചരിച്ച ബൈക്ക് സ്‌കൂൾ ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് ആണ് അപകടത്തിൽപ്പെട്ടത്. ഇതിൽ രണ്ട് വിദ്യാർത്ഥികൾ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു.

ബൈക്കിൽ സഞ്ചരിച്ച നമിത് കുമാറി(20)നെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളെ എടുക്കുന്നതിനായി പുറപ്പെട്ട സ്വകാര്യ സ്‌കൂൾ ബസിലേക്ക് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചു കയറുകയായിരുന്നു വെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ മംഗൽപ്പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം സ്‌കൂൾ ബസിലെ വിദ്യാർത്ഥികൾക്ക് ആർക്കും പരിക്കില്ല. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
