
കരിപ്പൂര്‍: ഒരു കിലോയോളം സ്വര്‍ണവും എട്ടുലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി. ചൊവാഴ്‌ച രാത്രി ജിദ്ദയില്‍ കരിപ്പുരില്‍ എത്തിയ യാത്രക്കാരന്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച ഏകദേശം 55 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോ സ്വര്‍ണമാണ് പിടിച്ചത്. താമരശ്ശേരി സ്വദേശി കമറുദ്ധീന്‍ ഷാഹുല്‍ ഹമീദ്ദില്‍ (26) നിന്നുമാണ് സ്വര്‍ണം പിടിച്ചത്. നാല് കാപ്സ്യൂളുകളിലായി കടത്താനാണ് ശ്രമിച്ചത്.

ഫ്ലൈ ദുബായ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായിലേക്ക് പോകുവാനെത്തിയ കോഴിക്കോട് ചെറുമോത്ത് സ്വദേശിയായ കേരിപ്പറമ്പത്ത് അഫ്‌സലില്‍ (33) നിന്നുമാണ് വിദേശ കറന്‍സി പിടിച്ചത്. ദുബായിലേക്ക് കടത്തുവാന്‍ ശ്രമിച്ച എട്ടുലക്ഷം രൂപയ്ക്ക് തുല്യമായ 6200 അമേരിക്കന്‍ ഡോളറും 1460 ഒമാന്‍ റിയാലുമാണ് പടിച്ചത്. ട്രോളി ബാഗില്‍ വച്ചിരുന്ന ജീന്‍സിൻ്റെ പോക്കറ്റിനുള്ളിലാണ് അഫ്‌സല്‍ കറന്‍സി ഒളിപ്പിച്ചിരുന്നത്.
