
കാസര്‍കോട്: സ്‌കൂള്‍ ബസുകള്‍ അപകടത്തില്‍ പെടുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കാനാണ് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെണ്ട് അധികൃതരുടെ തീരുമാനം. സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന ഒരു ബസ് ബുധനാഴ്‌ച വൈകിട്ട് സ്‌കൂളിന് സമീപത്തെ വലിയ കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു.
പെരിയടുക്ക എം.പി ഇൻ്റെര്‍നാഷണല്‍ സ്‌കൂളിലെ കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. സ്‌കൂള്‍ വിട്ടശേഷം വിദ്യാര്‍ത്ഥികളെ കയറ്റാനായി എത്തിയ ബസാണ് നിയന്ത്രണം വിട്ട് സമീപത്തെ വലിയ കുഴിയിലേക്ക് മറിഞ്ഞത്.

അപകടം കുട്ടികളെ കയറ്റുന്നതിന് മുമ്പായതിനാലാണ് വലിയ ദുരന്തം ഒഴിവായത്. കുട്ടികള്‍ കളിക്കുന്ന മൈതാനത്തേക്കാണ് ബസ് മറിഞ്ഞത്. അപകട സമയത്ത് ഇവിടെ ആരുമുണ്ടായിരുന്നില്ല. ഡ്രൈവര്‍ അഷ്‌റഫ് മാങ്ങാടിനാണ് പരിക്കേറ്റത്. അഷ്‌റഫിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ബസ് തകര്‍ന്നു.
അതിനിടെ ഫിറ്റ്നസ് ഇല്ലാതെ കുട്ടികളെ കയറ്റി പോകുകയായിരുന്ന കുനിൽ സ്‌കൂളിൻ്റെ മിനി ബസ് ആർ.ടി.ഒ എൻഫോഴ്‌സ്‌മെണ്ട് ഉദ്യോഗസ്ഥർ പിടികൂടി. ബുധനാഴ്‌ച വൈകുന്നേരം ഉപ്പളയിൽ വച്ചാണ് വാഹനം പിടികൂടിയത്.

കുട്ടികളെ മറ്റൊരു വാഹനം ഏർപ്പാടാക്കി വീടുകളിലേക്ക് എത്തിക്കുകയായിരുന്നു. വരും ദിവസങ്ങളിലും ശക്‌തമായ പരിശോധനകളും നടപടികളും സ്വീകരിക്കുമെന്ന് ആർ.ടി.ഒ എൻഫോഴ്‌സ്‌മെണ്ട് ഓഫിസർ ഉണ്ണികൃഷ്ണൻ അറിയിച്ചു. എം.വി.ഐ പി.ചന്ദ്രകുമാർ, എ.എം.വിമാരായ ഐ.ജി ജയരാജ് തിലക്, അരുൺ രാജ്.എ, സുധീഷ്.എം റെയ്‌ഡിൽ ഉണ്ടായിരുന്നു.
കോളിയടുക്കം അപ്‌സര സ്‌കൂളിലെ വാഹനവും ബുധനാഴ്‌ച രാവിലെ അപകടത്തിൽ പെട്ടിരുന്നു. മാന്യ കുഞ്ചാറില്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. ഫിറ്റ്‌നസ് ഇല്ലാതെയും മറ്റുമാണ് ചില ബസുകളും മറ്റ് വാഹങ്ങളും കുട്ടികളെ കൊണ്ടു പോകുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
Report: Peethambaran Kuttikol
