തുവ്വൂർ കൊലപാതകം; യൂത്ത് കോൺഗ്രസ് നേതാവ് വിഷ്‌ണു, സേതുരാമയ്യർ സി.ബി.ഐയിലെ ടൈലർ മണിയെ പോലെയെന്ന് പോലീസ്

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing തുവ്വൂർ കൊലപാതകം; യൂത്ത് കോൺഗ്രസ് നേതാവ് വിഷ്‌ണു, സേതുരാമയ്യർ സി.ബി.ഐയിലെ ടൈലർ മണിയെ പോലെയെന്ന് പോലീസ്

മലപ്പുറം: തുവ്വൂരിൽ കൃഷി വകുപ്പിലെ ഹെൽപ്പ് ഡെസ്ക് താൽക്കാലിക ജീവനക്കാരി സുജിതയുടെ കൊലപാതകത്തിൻ്റെ ചുരുളഴിയുമ്പോൾ നാട്ടുകാരുടെ ഞെട്ടൽ മാറുന്നില്ല. സേതുരാമയ്യർ സി.ബി.ഐ സിനിമയില്‍ ജഗദീഷ് അവതരിപ്പിച്ച ടൈലർ മണിയുടെ റോളിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു കേസിലെ ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ വിഷ്‌ണുവിൻ്റെ ഇടപെടൽ. സുജിതയെ കാണാനില്ലെന്ന് പറഞ്ഞ് പോലീസ് ഫേസ്ബുക്കിലിട്ട പോസ്റ്റ് ഷെയർ ചെയ്‌ത വിഷ്‌ണു അന്വേഷണത്തിൽ പോലീസ് കാര്യക്ഷമല്ലെന്ന് ആരോപിച്ച് ബുധനാഴ്‌ച പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നും ആഹ്വാനം ചെയ്‌തിരുന്നു.

മൂന്നുതവണയാണ് വിഷ്‌ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തത്. സുജിതയുടെ ഫോണിൽ നിന്നും അവസാനം പോയത് വിഷ്‌ണുവിന് ആണെന്നും സുജിതയുടെ മൊബൈൽ ടവർ ലൊക്കേഷൻ അവസാനം രേഖപ്പെടുത്തിയിട്ടുള്ളത് വിഷ്‌ണുവിൻ്റെ വീടിന് അടുത്തു നിന്നാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് വിഷ്‌ണുവിനെ കേന്ദ്രീകരിച്ച പോലീസ് അന്വേഷണം ഊർജ്ജതമാക്കിയത്. വിഷ്‌ണു സഹോദരന്മാരായ വൈശാഖ് , വിവേക് ,അച്ഛൻ മുത്തു സുഹൃത്ത് ശിഹാൻ എന്നിവരാണ് കേസിൽ പിടിയിലായത്.

ഈ മാസം 11നാണ് പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിൻ്റെ ഭാര്യ സുജിത (35) യെ കാണാതായത്.തുവ്വൂരിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ആണ് സുജിത ഓഫീസിൽ നിന്ന് ഉച്ചയോടെ ഇറങ്ങിയത്. ആശുപത്രിയിലേക്ക് എന്ന് പറഞ്ഞായിരുന്നു സുജിത പുറത്തുപോയത്. സുജിതയും വിഷ്‌ണുവുമായി സാമ്പത്തിക ഇടപാട് ഉണ്ടെന്നാണ് പോലീസിൻ്റെ നിഗമനം. കൊലപാതകം സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ആയിരുന്നു എന്ന് പോലീസ് പറയുന്നു. സുജിതയെ ശ്വാസം മുട്ടിച്ച് കൊന്ന് കെട്ടി തൂക്കി മരണം ഉറപ്പാക്കി. ശേഷം മൃതദേഹത്തിൽ നിന്നും സ്വർണാഭരണങ്ങൾ മുറിച്ചെടുത്ത് വിറ്റു. കിട്ടിയ പണം തുല്യമായി പങ്ക് വെച്ചെടുത്തു.

‘ദൃശ്യം’ മാതൃകയിൽ ആണ് പ്രതികൾ മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചതെന്ന് എസ്.പി സുജിത്ത് ദാസ് വ്യക്തമാക്കി. മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് വിഷ്‌ണുവിൻ്റെ പറമ്പിൽ കുഴിച്ചിട്ടു. അവിടെ മണ്ണും മെറ്റലും എം സാൻഡും മറ്റും നിരത്തി മൂടി, അവിടെ ബാത്ത്റൂം നിർമിക്കാൻ ആയിരുന്നു പ്രതികളുടെ നീക്കം.

കൃഷിഭവനിലെത്തുന്ന ആളുകളെ അപേക്ഷയ്ക്കടക്കം സഹായിക്കുന്ന ജോലിയിലായിരുന്നു. പ്രതി വിഷ്‌ണു നേരത്തെ പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. ഐ.എസ്.ആര്‍.ഒയില്‍ ജോലി ലഭിച്ചെന്ന് പറഞ്ഞാണ് ജോലി രാജിവച്ചത്.

വിഷ്‌ണുവും സുജിതയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നുവെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഫോറൻസിക്, പോസ്റ്റ് മോർട്ടം പരിശോധന വിവരങ്ങൾ കൂടി പുറത്തുവന്നാലേ കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് വ്യക്തമാവുകയുള്ളൂ.

0Shares