
തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണം 17000 കടന്നതായി റിപ്പോര്‍ട്ട്. വിനാശകരമായ ഭൂകമ്പത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകളാണ് കൊടുംതണുപ്പില്‍ ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി മുറവിളികൂട്ടി ക്യാമ്പ് ഫയറുകള്‍ക്ക് ചുറ്റും തടിച്ചുകൂടിയത്.
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ ആളുകളെ ജീവനോടെ പുറത്തെടുക്കാമെന്നുള്ള പ്രതീക്ഷ കൈവിടാതെ രക്ഷാപ്രവര്‍ത്തകര്‍ കഠിനപരിശ്രമത്തിലാണ്. ദുരന്തത്തെ അതിജീവിച്ച പതിനായിരക്കണക്കിന് ആളുകള്‍ അതിജീവനത്തിനായി പോരാടുകയാണ്. ടര്‍ക്കിഷ് നഗരമായ അന്റാക്യയില്‍ കുട്ടികള്‍ക്കുള്ള കോട്ടുകളും മറ്റ് സാധനങ്ങളും വിതരണം ചെയ്യുന്ന ഒരു ട്രക്കിന് മുന്നില്‍ ഡസന്‍ കണക്കിന് ആളുകളാണ് സഹായത്തിനായി തടിച്ചുകൂടിയത്.

തിങ്കളാഴ്ചത്തെ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം വീടുകള്‍ നഷ്ടപ്പെട്ട പതിനായിരക്കണക്കിന് ആളുകള്‍ കൂടാരങ്ങളിലും സ്റ്റേഡിയങ്ങളിലും മറ്റ് താല്‍ക്കാലിക താമസസ്ഥലങ്ങളിലും അഭയം കണ്ടെത്തിയിരിക്കുകയാണ്. ഭൂകമ്പം നാശം വിതച്ച മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ഗവണ്‍മെന്റിനോട് ഭൂകമ്പത്തില്‍ നിന്നും രക്ഷപ്പെട്ട അഹ്‌മെത് ടോക്ഗോസ് എന്നയാള്‍ അഭ്യര്‍ത്ഥിച്ചു. ഈ തണുപ്പില്‍ ഇവിടെ ജീവിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആളുകള്‍ ക്യാമ്പ് ഫയറിന് ചുറ്റും തടിച്ചുകൂടുന്നു. പക്ഷേ ക്യാമ്പ് ഫയറിന് നിങ്ങളെ കുറച്ചുമാത്രമെ ചൂടാക്കാന്‍ കഴിയൂ. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി മരിക്കാത്തവര്‍ തണുപ്പ് മൂലം മരിക്കുമെന്ന് അദ്ദേഹം പറയുന്നു. അതിനിടെ, ഭൂകമ്പത്തിന് ശേഷം തുര്‍ക്കിയില്‍ നിന്ന് വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറന്‍ സിറിയയിലേക്ക് പ്രവേശിക്കുന്ന ആദ്യത്തെ യു.എന്‍ സഹായ ട്രക്കുകള്‍ വ്യാഴാഴ്ച രാവിലെ എത്തി. ചെറിയ സഹായ സംഘടനകള്‍ കയറ്റുമതി അയച്ചിട്ടുണ്ട്, എന്നാല്‍ ഒരു അതിര്‍ത്തി ക്രോസിംഗിലൂടെ മാത്രമേ സഹായം എത്തിക്കാന്‍ യു.എന്നിന് അധികാരമുള്ളു. റോഡുകള്‍ തകര്‍ന്നതു മൂലം ഇതും തടസ്സപ്പെടുന്ന അവസ്ഥയാണ്.
