
തുർക്കി-സിറിയ ഭൂകമ്പത്തിൽ കൂടുതൽ പേരെ ജീവനോടെ കണ്ടെത്തുമെന്ന പ്രതീക്ഷ മങ്ങാൻ തുടങ്ങി. ഇതോടെ രക്ഷാപ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് തുർക്കി. ഫെബ്രുവരി ആറിന് ഉണ്ടായ ഭൂകമ്പത്തിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള നീക്കത്തിലാണ് തുർക്കി.അതിനിടെ, ഭൂകമ്പം ബാധിച്ച 11 പ്രവിശ്യകളിൽ ഒൻപതെണ്ണത്തിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.
പ്രഭവകേന്ദ്രമായ കഹ്റൻമറാസിലും ഏറ്റവും കൂടുതൽ ബാധിച്ച ഹാതെയ്‌ലുമാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടക്കുന്നത്. ഹാതെയ്‌ൽ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൂന്നംഗ കുടുംബത്തെ ശനിയാഴ്ച രക്ഷപ്പെടുത്തിയതാണ് അവസാനം ജീവനോടെ ആളുകളെ രക്ഷപ്പെടുത്തിയത്. ഇതിൽ 12 വയസ്സുകാരനായ കുട്ടി പിന്നീട് ആശുപത്രിയിൽ മരിച്ചു.

ഭൂകമ്പ ദിവസത്തിനു പിന്നാലെ തുർക്കിയിൽ 6,040 തുടർചലനങ്ങൾ ഉണ്ടായതായി തുർക്കി ദുരന്തനിവാരണ വിഭാഗം അറിയിച്ചു. ആദ്യ ഭൂകമ്പം റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയിരുന്നു. ഒൻപതു മണിക്കൂറിനുശേഷം ഉണ്ടായ ഭൂകമ്പം 7.5 തീവ്രതയാണു രേഖപ്പെടുത്തിയത്. 40 തുടർ ചലനങ്ങൾ 5–6 തീവ്രത രേഖപ്പെടുത്തി. തുർക്കിയിൽ മാത്രം ഇതുവരെ 40,689 പേർ മരിച്ചുവെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. തുർക്കിയിലും സിറിയയിലുമായി ഇതുവരെ 44,377 പേർ മരിച്ചു.
