
കാഞ്ഞങ്ങാട് / കാസർകോട്: ശാന്ത സുന്ദരമായ കടലിൻ്റെ ഭംഗി ആസ്വദിക്കാന്‍ എത്തിയ സഞ്ചാരികളെയും തീരദേശത്തെ ജനങ്ങളെയും ആശങ്കയിലാഴ്ത്തി വൈകുന്നേരം 3.57ന് കളക്ടറേറ്റില്‍ നിന്ന് സുനാമി മുന്നറിയിപ്പ് ലഭിച്ചു. ഒരു നിമിഷം പരിഭ്രാന്തരായ ജനത്തിന് കടല്‍ത്തീരത്ത് നിന്ന് മാറാനുള്ള നിര്‍ദേശം ലഭിച്ചു. ഫയര്‍ഫോഴ്സിൻ്റെ നേതൃത്വത്തില്‍ കടല്‍ത്തീരത്തെ വീടുകളില്‍ താമസിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് അനൗണ്‍സ് നടത്തി.

ചന്തേര പോലീസ്, തൃക്കരിപ്പൂര്‍ അഗ്നിരക്ഷാ സേനയും ദുരന്ത നിവാരണ സേനയും ചേര്‍ന്ന് കടല്‍ത്തീരത്തെ വീടുകളില്‍ നിന്നും ബീച്ചില്‍ നിന്നുമുള്ള ജനത്തെ എത്രയും വേഗം സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആംബുലന്‍സിലും, ഫയര്‍ ഫോഴ്‌സ് വാഹനത്തിലും പഞ്ചായത്തിൻ്റെയും മറ്റും സര്‍ക്കാര്‍ വാഹനങ്ങളിലും ജനങ്ങളെ സമീപത്തെ മസാലിഹുള്‍ ഇസ്ലാം മദ്രസയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടത്തി.

ജനങ്ങളും നിര്‍ദേശത്തോട് പൂര്‍ണമായി സഹകരിച്ചു. 58 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. ഇതിനിടയില്‍ 19പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായ പരിക്കുകളുള്ള എട്ടുപേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ പ്രഥമ ശൂശ്രൂഷ നല്‍കി വിട്ടയച്ചു.
സുനാമി ഉണ്ടായാല്‍ സ്വീകരിക്കേണ്ട അടിയന്തിര നടപടികളെ കുറിച്ചും രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചും അവബോധം നല്‍കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മോക്ഡ്രില്‍ നടത്തിയത്. ഒരു മണിക്കൂറോളം നീണ്ട മോക്ഡ്രില്‍ നിലവിലെ രക്ഷാദൗത്യ സംവിധാനങ്ങള്‍ കാര്യക്ഷമമാണോ എന്ന് തിരിച്ചറിയുന്നതിനും പര്യാപ്തമായി. ജില്ലാ ദുരന്ത നിവാരണ വിഭാഗമാണ് മോക് ഡ്രില്ലിന് നേതൃത്വം നല്‍കിയത്.

ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍.മണിരാജിൻ്റെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥര്‍, തൃക്കരിപ്പൂര്‍ ഫയര്‍ ഓഫീസര്‍ കെ.എം.ശ്രീനാഥൻ്റെ നേതൃത്വത്തിലുള്ള 14 ഫയര്‍ ഫോഴ്‌സ് ഉദ്യോഹൃഗസ്ഥര്‍, 30 സിവില്‍ ഡിഫന്‍സ് വൊളണ്ടിയര്‍മാര്‍, ചന്തേര, തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസ് സേന എന്നിവര്‍ മോകഡ്രില്ലിൻ്റെ ഭാഗമായി.

വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ധന്യ മനോജിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം പരിശോധനകള്‍ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി സജീവന്‍, എ.ഡി.എം എ.കെ രമേന്ദ്രന്‍, പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് പി.ശ്യാമള, ജനപ്രതിനിധകള്‍, ഉദ്യോഗസ്ഥര്‍, ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധികള്‍ എന്നിവര്‍ മോക് ഡ്രില്ലിൻ്റെ ഭാഗമായി പ്രവർത്തിച്ചു.
