ബംഗാളില്‍ ബി.ജെ.പി എം.പിയുടെ ഭാര്യ തൃണമൂലില്‍; ഉപേക്ഷിക്കുകയാണെന്ന് എം.പി

  • Post category:news
  • Reading time:1 min read
You are currently viewing ബംഗാളില്‍ ബി.ജെ.പി എം.പിയുടെ ഭാര്യ തൃണമൂലില്‍; ഉപേക്ഷിക്കുകയാണെന്ന്  എം.പി

പശ്ചിമബംഗാളില്‍ ബി.ജെ.പി എം.പിയുടെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരി ഉള്‍പ്പെടെ നിരവധിപ്പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനിടെയാണ് ബി.ജെ.പി എം.പിയുടെ ഭാര്യ തൃണമൂലില്‍ ചേര്‍ന്നത്. ബി.ജെ.പി എം.പി സൗമിത്ര ഖാന്‍റെ ഭാര്യ സുജാത മൊണ്ഡല്‍ ആണ് പാര്‍ട്ടി വിട്ടത്. എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഭാര്യയുമായുള്ള ബന്ധം ‘ഉപേക്ഷി’ക്കുമെന്ന് എം.പി അറിയിച്ചു.

2014ല്‍ സൗമിത്ര ഖാന്‍ ബിഷ്ണുപുര്‍ മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സൗമിത്ര ഖാന്‍റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് ഭാര്യ സുജാത ആയിരുന്നു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് സൗമിത്ര ഖാന്‍ മണ്ഡലത്തില്‍ പ്രവേശിക്കുന്നതിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് സുജാത പ്രചാരണച്ചുമതല ഏറ്റെടുക്കുകയായിരുന്നു.

തനിക്ക് സമാധാനമായി ഒന്ന് ശ്വസിക്കണമെന്നും കഴിവുള്ള ഒരു പാര്‍ട്ടിയുടെ കഴിവുള്ള നേതാവാകണമെന്നും പറഞ്ഞുകൊണ്ടാണ് സുജാത ബി.ജെ.പി വിട്ടത്. സുജാതയുടെ ഈ നിലപാടാണ് ബി.ജെ.പി എം.പി.യെ ചൊടിപ്പിച്ചത്.

0Shares